Asianet News MalayalamAsianet News Malayalam

തീഗോളമായി യുദ്ധവിമാനം, തകര്‍ന്നുവീണത് കാറിനുമുകളിലേക്ക്, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട വിമാനം വിമാനത്താവളത്തിന് സമീപം താഴ്ന്ന് പറക്കുകയും ഇതിനിടയില്‍ പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്

Military Jet Crashes In Italy, Hits Car. A Five-Year-Old Is Dead
Author
First Published Sep 18, 2023, 8:03 AM IST

റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വിമാനം തകര്‍ന്ന് അഞ്ചുവയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞദിവസം ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം. താഴെയിടിച്ചശേഷം തീകോളമായി വിമാനം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഇജക്ട് ചെയ്ത് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെടുകയായിരുന്നു. അഞ്ചുവയസുകാരിയുടെ ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളും  വിമാനത്തിലുണ്ടായിരുന്ന പൈലറ്റും രക്ഷപ്പെട്ടു. ലോറയുടെ മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച ഇറ്റാലിയന്‍ വ്യോമ സേനയുടെ 100ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. അപകടത്തെതുടര്‍ന്ന് വ്യോമഭ്യാസ പ്രകടനം ഒഴിവാക്കിയിരുന്നു. നിയന്ത്രണംവിട്ട വിമാനം വിമാനത്താവളത്തിന് സമീപത്ത് താഴ്ന്ന് പറക്കുകയും ഇതിനിടയില്‍ പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ താഴെയിടിച്ചയുടനെ തീഗോളമായി വിമാനം തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തിന്‍റെ അതിര്‍ത്തിക്ക് പുറത്തായി സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം സമീപത്തെ കൃഷിയിടിത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കാറും തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവെച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

സംഭവത്തില്‍ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുയിഡോ ക്രിസെറ്റോ അനുശോചിച്ചു. അടിയന്തര സാഹചര്യത്തില്‍ സാധ്യമായ കാര്യങ്ങളെല്ലാം പൈലറ്റ് ചെയ്തിരുന്നുവെന്നും കുടുംബത്തിന്‍റെ ദുഖത്തിനൊപ്പം ചേരുകയാണെന്നും മന്ത്രി പറഞ്ഞു. അതിദാരുണമായ അപകടമാണുണ്ടായതെന്നും അവസാന നിമിഷമാണ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതെന്നും കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി ട്വീറ്റ് ചെയ്തു. യുദ്ധവിമാനം അപകടത്തില്‍പെടാനുണ്ടായതിന്‍റെ യഥാര്‍ഥ കാരണം വിശദമായ പരിശോധനയിലെ കണ്ടെത്താനാകുവെന്നും അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios