അതിർത്തി കടന്നുള്ള ഭീകരവാദം എത്രയും വേഗം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാവണം. പാകിസ്ഥാൻ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തീവ്രവാദത്തിന് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർത്തിവെക്കാൻ ഇസ്ലാമാബാദിനോട് ഇന്ത്യ ആവശ്യപ്പെടുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ദില്ലി: പാകിസ്ഥാൻ ഭീകരവാദത്തിന്റെ ആഗോള പ്രഭവകേന്ദ്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇന്ത്യയിലടക്കം പാകിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾ തുടരുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കസാഖിസ്ഥാനിൽ സിഐസിഎ ഉച്ചകോടിയിലായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം. പാകിസ്ഥാൻ കശ്മീർ വിഷയം ഉയർത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
അതിർത്തി കടന്നുള്ള ഭീകരവാദം എത്രയും വേഗം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാവണം. പാകിസ്ഥാൻ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തീവ്രവാദത്തിന് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർത്തിവെക്കാൻ ഇസ്ലാമാബാദിനോട് ഇന്ത്യ ആവശ്യപ്പെടുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഉച്ചകോടിക്കിടെ കശ്മീർ പ്രശ്‌നങ്ങൾ ഉന്നയിച്ചതിന് പാകിസ്ഥാനെതിരെ അവർ ആഞ്ഞടിച്ചു. ഈ വിഷയത്തിൽ പ്രതികരിക്കാൻ പാകിസ്ഥാന് അധികാരമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. "എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങൾ നടത്താനും അംഗരാജ്യങ്ങൾക്കിടയിലുള്ള ഇന്നത്തെ ചർച്ചകളുടെയും സഹകരണത്തിന്റെയും വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനും പാകിസ്ഥാൻ സിഐസിഎ വേദി ദുരുപയോഗം ചെയ്യാൻ തിരഞ്ഞെടുത്തത് നിർഭാഗ്യകരമാണ്." മീനാക്ഷി ലേഖി പറഞ്ഞു. സിഐസിഎയുടെ 1999 സെപ്റ്റംബറിലെ ഉടമ്പടി പ്രകാരം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും പാകിസ്ഥാന്റെ ഇന്നത്തെ പ്രസ്താവനകൾ കടുത്ത ഇടപെടലാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോക സമൂഹത്തെ നന്നാക്കാനുള്ള പ്രഭാഷണം നടത്തുന്നതിന് പകരം പാകിസ്ഥാൻ സ്വരാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളോടുള്ള നികൃഷ്ടമായ പെരുമാറ്റം നിർത്തി നവീകരണം സാധ്യമാക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. "ന്യൂനപക്ഷ സമുദായങ്ങളോടുള്ള നികൃഷ്ടമായ പെരുമാറ്റത്തിൽ റെക്കോർഡിടുന്നതിനൊപ്പം, ലോക സമൂഹത്തെ പഠിപ്പിക്കാൻ പ്രഭാഷണം നടത്തുകയാണ് പാകിസ്ഥാൻ. മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾ ആസൂത്രിതമായി പീഡിപ്പിക്കപ്പെടുന്ന രാജ്യമാണിത്." അവർ അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടക്കുന്ന 'പതിവ് സംഭവങ്ങളും', ന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം തുടങ്ങിയ 'എണ്ണമില്ലാത്ത കേസുകളും' രാജ്യത്ത് അവരുടെ 'ദുർബലമായ അവസ്ഥ' യുടെ തെളിവാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
Read Also: ലോകത്തെ മാറ്റാൻ കഴിവുള്ള ഏക എതിരാളി ചൈന; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അമേരിക്ക
