ഒരു ഉൽപ്പന്നവും പുറത്തിറക്കാതെ തന്നെ ഒരു ബില്യൺ മൂല്യനിർണയത്തിന് ഫണ്ട് സ്വരൂപിച്ച തിങ്കിംഗ് മെഷീൻസ് ലാബ്, അടുത്തിടെ ഏറ്റവും കൂടുതൽ തിരഞ്ഞ എഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറി.
ന്യൂയോര്‍ക്ക്: മാർക്ക് സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ 8300 കോടി രൂപയുടെ ഓഫർ നിരസിച്ച് തിങ്കിങ് മെഷീൻസ് ലാബ് സ്ഥാപക മീരാ മുറാട്ടി. തനോ തന്റെ ടീമിലെ അംഗങ്ങളോ മെറ്റയുടെ ഓഫർ സ്വീകരിക്കില്ലെന്നും അവർ പറഞ്ഞു. മീരാ മുറാട്ടി നേതൃത്വം നൽകുന്ന എഐ സ്റ്റാർട്ട് അപ്പായ തിങ്കിങ് മെഷീൻ ലാബ് എന്ന സ്ഥാപനത്തെ ഏറ്റെടുക്കാൻ 1 ബില്യൺ വരെയുള്ള (8300 കോടി രൂപ) നഷ്ടപരിഹാര പാക്കേജുകൾ മെറ്റ വാഗ്ദാനം ചെയ്തായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതുതായി ആരംഭിച്ച സൂപ്പർഇന്റലിജൻസ് ലാബിലേക്ക് പ്രതിഭകളെ ആകർഷിക്കുക എന്നതായിരുന്നു മെറ്റയുടെ ലക്ഷ്യം.
എന്നാൽ തിങ്കിങ് മെഷീൻ ലാബ് ഓഫർ സ്വീകരിച്ചില്ല. തങ്ങളുടെ ഓഹരിയുടെ ദീർഘകാല മൂല്യത്തിൽ വിശ്വാസമർപ്പിച്ചാണ് വമ്പൻ ഓഫർ തള്ളിയതെന്ന് പറയുന്നു. തിങ്കിംഗ് മെഷീൻസ് ലാബിൽ ഇതുവരെ ഒരാൾ പോലും ഓഫർ സ്വീകരിച്ചിട്ടില്ലെന്ന് മീര വയേഡിനോട് സ്ഥിരീകരിച്ചു. എന്നാൽ മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ ഈ പ്രസ്താവനയോട് വിയോജിച്ചു. ടിഎംഎല്ലിലെ ചുരുക്കം ചിലർക്ക് മാത്രമേ ഞങ്ങൾ ഓഫറുകൾ നൽകിയിട്ടുള്ളൂവെന്നും വലിയ ഓഫർ ഉണ്ടായിരുന്നെങ്കിലും, വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഉൽപ്പന്നവും പുറത്തിറക്കാതെ തന്നെ ഒരു ബില്യൺ മൂല്യനിർണയത്തിന് ഫണ്ട് സ്വരൂപിച്ച തിങ്കിംഗ് മെഷീൻസ് ലാബ്, അടുത്തിടെ ഏറ്റവും കൂടുതൽ തിരഞ്ഞ എഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറി. മീര മുറാട്ടിയുടെ ദീർഘകാല കാഴ്ചപ്പാടും നേതൃത്വവുമാണ് അവരുടെ ടീം ഐക്യത്തോടെ തുടരുന്നതിനുള്ള പ്രധാന കാരണമെന്ന് വ്യവസായ മേഖലയിലുള്ളവർ പറയുന്നു. തിങ്കിംഗ് മെഷീൻസ് ലാബിലെ ഗവേഷകർ അവരുടെ പരിമിതികളിൽ നിന്ന് സ്വതന്ത്രമായി, അടിസ്ഥാനപരമായി എഐയുടെ ഭാവി രൂപപ്പെടുത്താനുള്ള അവസരത്തിനും മുൻഗണന നൽകുന്നതായി പറയുന്നു.
1988-ൽ അൽബേനിയയിലെ വ്ലോറിൽ ജനിച്ച മുറാട്ടി 16-ാം വയസ്സിൽ ബ്രിട്ടീഷ് കൊളംബിയയിലുള്ള പിയേഴ്സൺ കോളേജ് യുഡബ്ല്യുസിയിൽ സ്കോളർഷിപ്പ് നേടി. ഇന്റർനാഷണൽ ബാക്കലറിയേറ്റ് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം, 2011-ൽ കോൾബി കോളേജിൽ നിന്ന് ആർട്സ് ബിരുദവും 2012-ൽ ഡാർട്ട്മൗത്തിലെ തായർ സ്കൂളിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടി. സോഡിയാക് എയ്‌റോസ്‌പേസിൽ തന്റെ കരിയർ ആരംഭിച്ച മുറാട്ടി, തുടർന്ന് ടെസ്‌ലയിലേക്ക് മാറി. അവിടെ സീനിയർ പ്രൊഡക്റ്റ് മാനേജരായി മോഡൽ എക്‌സിൽ ജോലി ചെയ്തു.
അവിടെ നിന്ന് അവർ ലീപ് മോഷനിൽ (ഇപ്പോൾ അൾട്രാലീപ്പ്) ചേർന്നു. ജെസ്റ്റർ അധിഷ്ഠിത കമ്പ്യൂട്ടിംഗും ഓഗ്‌മെന്റഡ് റിയാലിറ്റിയും പര്യവേക്ഷണം ചെയ്യുകയും 2018-ൽ വൈസ് പ്രസിഡന്റായി ഓപ്പൺഎഐയിൽ എത്തി. 2022 ആയപ്പോഴേക്കും അവർക്ക് ചീഫ് ടെക്‌നോളജി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. അവരുടെ നേതൃത്വത്തിൽ, ഓപ്പൺഎഐ ചാറ്റ്ജിപിടി, ഡാൾ·ഇ, കോഡെക്‌സ്, സോറ തുടങ്ങിയവ പുറത്തിറക്കി. 2023 നവംബറിൽ, ഓപ്പൺഎഐയിലെ നേതൃത്വ പ്രതിസന്ധിക്കിടെ, സാം ആൾട്ട്മാനെ നീക്കം ചെയ്തതിന് ശേഷം മുറാട്ടി ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. ആൾട്ട്മാൻ തിരിച്ചെത്തിയതോടെ 2024 സെപ്റ്റംബറിൽ സ്വന്തം സംരംഭം ആരംഭിക്കാൻ മുറാട്ടി കമ്പനി വിട്ടു.
