ഒരാഴ്ചയായി കാണാതായ ഓസ്ട്രിയൻ ഇൻഫ്ലുവൻസർ സ്റ്റെഫാനി പീപ്പറിൻ്റെ മൃതദേഹം സ്ലോവേനിയൻ വനത്തിൽ നിന്ന് കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിച്ചതായി മുൻ കാമുകൻ പോലീസിനോട് കുറ്റം സമ്മതിച്ചു. 

വിയന്ന: ഒരാഴ്ചയായി കാണാതായ ഓസ്ട്രിയൻ ഇൻഫ്ലുവൻസർ സ്റ്റെഫാനി പീപ്പറിൻ്റെ മൃതദേഹം സ്ലോവേനിയൻ വനത്തിൽ നിന്ന് കണ്ടെത്തി. മുൻ കാമുകൻ കൊലപാതക കുറ്റം സമ്മതിച്ചതോടെയാണ് മൃതദേഹം ഒളിപ്പിച്ച സ്ഥലം പോലീസിന് കണ്ടെത്താനായത്. 31 വയസ്സുള്ള സ്റ്റെഫാനി പീപ്പറിനെ ഫോട്ടോഷൂട്ടിനായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത്. ഒരു ക്രിസ്മസ് പാർട്ടിക്ക് ശേഷമാണ് സുഹൃത്തുക്കൾ സ്റ്റെഫാനിയെ അവസാനമായി കണ്ടത്.

താൻ വീട്ടിലെത്തി എന്ന് സുഹൃത്തുക്കൾക്ക് സ്റ്റെഫാനി വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ, തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും വീട്ടിലെ ഗോവണിപ്പടിയിൽ ഒരാൾ ഉണ്ടെന്നും കാണിച്ച് മറ്റൊരു സന്ദേശവും അയച്ചു. സ്റ്റെഫാനിയുടെ കെട്ടിടത്തിൽ വഴക്കുണ്ടാക്കുന്ന ശബ്ദം കേട്ടെന്നും അയൽവാസികൾ അവിടെ സ്റ്റെഫാനിയുടെ മുൻ കാമുകനെ കണ്ടിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊലപാതകമെന്ന കുറ്റസമ്മതം

കാണാതായതിന് ഒരാഴ്ചയ്ക്ക് ശേഷം, സ്റ്റെഫാനിയുടെ മുൻ കാമുകൻ (31) കുറ്റം സമ്മതിച്ചു. തന്നെ ചോദ്യം ചെയ്ത പോലീസിനോട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചതായി ഓസ്ട്രിയൻ പത്രമായ ക്രോണൻ സൈതുങ് റിപ്പോർട്ട് ചെയ്തു. ഓസ്ട്രിയൻ അതിർത്തിക്കടുത്തുള്ള ഒരു കാസിനോയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. അറസ്റ്റിന് ശേഷം പോലീസിനോട് കുറ്റം സമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. മുൻ കാമുകനോടൊപ്പം ഇയാളുടെ സഹോദരൻ, രണ്ടാനച്ഛൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ലോവേനിയൻ അധികൃതർ ഇയാളെ ഓസ്ട്രിയക്ക് കൈമാറി.