ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. 

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രത്തിനെതിരെ ആക്രമണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടക്കം കേടുപാട് വരുത്തുന്ന രീതിയിലാണ് വലിയ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. അക്രമണം നിയന്ത്രിക്കാന്‍ പൊലീസ് പരാജയപ്പെട്ടതോടെ സായുധ സേനയായ പാകിസ്ഥാന്‍ റൈഞ്ചേര്‍സ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ട് ആക്രമണം ഒതുക്കിയത്.

ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ മുസ്ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥയായിരുന്നു. ഇതാണ് ബുധനാഴ്ച അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വളരെക്കാലമായ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.

ഭരണകക്ഷിയായ തരീഖ് ഇ ഇന്‍സാഫ് നേതാവും എംപിയുമായ ഡോ.രമേശ് കുമാര്‍ വന്‍കവാനി ക്ഷേത്രത്തിനെതിരായ ആക്രമണത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത്. സംഘര്‍ഷം ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു. ഇദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പ്രകാരം പ്രദേശിക പൊലീസ് സംഭവം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നും ആരോപിക്കുന്നുണ്ട്.

അതേ സമയം റഹീംയാര്‍ ഖാന്‍ ജില്ല പൊലീസ് ഓഫീസര്‍ അസാദ് സര്‍ഫാസിന്‍റെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും, സംഭവംസ്ഥലം പൊലീസിന്‍റെ നിയന്ത്രണത്തിലാണെന്നും. ക്ഷേത്രത്തിനും, നഗരത്തിലെ ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതുവരെ അറസ്റ്റുകള്‍ ഒന്നും നടത്തിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം വളരെ വലിയ കേടുപാടുകളാണ് ബോംഗ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് മറ്റൊരു പൊലീസുകാരനെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റും, മതമുദ്രവാക്യം ഉയര്‍ത്തി കല്ലും വടിയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചത്. 

അതേ സമയം ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞവാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു. ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റ് - പൊലീസ് പറയുന്നു.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona