പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആള്‍ക്കൂട്ടം പരിസരത്തുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളും പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. അയ്യായിരത്തോളം പേരാണ് സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 30 ലേറെ കാറുകളും ഇവരുടെ അക്രമത്തില്‍ നശിച്ചു

മുസ്ലിം വിഭാഗത്തിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ (Quran) കത്തിച്ചുവെന്ന (Quran Desecration) ആരോപണത്തില്‍ അറസ്റ്റിലായ ആളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആയിരങ്ങള്‍ സ്റ്റേഷന് തീവച്ചു. പാകിസ്ഥാന്‍റെ (Pakistan) വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പാക്തുണ്‍ഖാവ പ്രവിശ്യയിലെ ചാര്‍സദ്ദ പൊലീസ് സ്റ്റേഷനാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആള്‍ക്കൂട്ടം പരിസരത്തുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളും പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. അയ്യായിരത്തോളം പേരാണ് സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

30 ലേറെ കാറുകളും ഇവരുടെ അക്രമത്തില്‍ നശിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്കെത്തിയ ആളുകള്‍ പൊലീസ് യൂണിഫോമുകള്‍ കത്തിച്ച് നശിപ്പിച്ചു. ഖുറാന്‍ കത്തിച്ചയാളെ ജീവനോടെ കത്തിക്കാന് വിട്ടുകിട്ടണമെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ ആവശ്യമെന്നാണ് ജില്ലാ പൊലീസ് ഓഫീസര്‍ അസിഫ് ബഹാദുര്‍ എഎഫ്പിയോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടത്തെ പ്രതിരോധിക്കാന്‍ മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാര്‍ എത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ല. പൊലീസ് കണ്ണീര്‍ വാതകവും ആകാശത്തേക്ക് വെടിവയ്ച്ചുവെങ്കിലും ആളുകള്‍ പിരിഞ്ഞ് പോകാതെ അക്രമത്തിലേക്ക് തിരിയുകയായിരുന്നു.

കുറ്റാരോപിതനെ സുരക്ഷിതനാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് വിശദമാക്കിയ പൊലീസ് നിയം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല. മതനിന്ദ (Blasphemy) സംബന്ധിച്ച് വ്യാജ ആരോപണം പോലും വലിയ കോലാഹലമാണ് പാകിസ്ഥാനില്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ നിയമങ്ങൾ മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുകയാണെന്ന് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. മതനിന്ദ സംബന്ധിച്ച നിയമത്തില്‍ മാറ്റങ്ങള്‍ വേണമെന്നതിന് ആവശ്യപ്പെട്ടതിനാണ് 2011ല്‍ മുന് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് സല്‍മാന്‍ തസീറിനെ വെടിവച്ച് വീഴ്ത്തിയത്. 

പ്രവാചകനെ അപമാനിച്ച് കുറിപ്പ്; പാകിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ വിധിച്ചു, കോളേജ് അധ്യാപകന് പത്ത് വർഷം തടവ്

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മൂന്നുപേർക്ക് പാകിസ്ഥാനിൽ വധശിക്ഷ. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് തീരുമാനം. സമാന കേസിൽ കുറ്റാരോപിതനായ കോളജ് അധ്യാപകനെ പത്ത് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു. ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 1980ലെ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്. നിയമ പ്രകാരം പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ ഏർപ്പെടുത്തിയതും ഈ കാലത്തായിരുന്നു. ഏകീകൃത വിവരങ്ങൾ ലഭ്യമായ ഏറ്റവും പുതിയ കാലയളവായ 2011 നും 2015 നും ഇടയിൽ 1,296 ൽ കൂടുതൽ മതനിന്ദ കേസുകൾ പാകിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.