Asianet News MalayalamAsianet News Malayalam

'അബ് കി ബാർ ട്രംപ് സർക്കാർ', ട്രംപിനെ വേദിയിലിരുത്തി ജമ്മു കശ്മീർ ഉന്നയിച്ച് മോദി

ഡോണൾഡ് ട്രംപിന് അടുത്ത അമേരിക്കൻ തെരഞ്ഞെടുപ്പ് വിജയിക്കണം. ജമ്മുകശ്മീർ വിഷയത്തിലെ പാകിസ്ഥാൻ നീക്കം പ്രതിരോധിക്കാൻ നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപിൻറെ പിന്തുണ വേണം. ഈ രണ്ടു ലക്ഷ്യങ്ങളും പ്രകടമായ ഹ്യൂസ്റ്റണിലെ വേദിയിൽ നരേന്ദ്രമോദി നേടിയത് വൻ വിജയം. 

modi get great response in houston
Author
Houston, First Published Sep 23, 2019, 6:40 AM IST

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിൽ ട്രംപിന്‍റെ സാന്നിധ്യത്തിൽ ജമ്മുകശ്മീർ പരാർമശിച്ച് മോദി നടത്തിയത് അപ്രതീക്ഷിത നീക്കം. അമേരിക്കയിലെ ജനപിന്തുണയും ട്രംപിന്‍റെ സാന്നിധ്യവും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കവേ ഇന്ത്യയിലും വോട്ടർമാരെ സ്വാധീനിക്കും. ഡോണൾഡ് ട്രംപിന് അടുത്ത അമേരിക്കൻ തെരഞ്ഞെടുപ്പ് വിജയിക്കണം. ജമ്മുകശ്മീർ വിഷയത്തിലെ പാകിസ്ഥാൻ നീക്കം പ്രതിരോധിക്കാൻ നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപിൻറെ പിന്തുണ വേണം. ഈ രണ്ടു ലക്ഷ്യങ്ങളും പ്രകടമായ ഹൂസ്റ്റണിലെ വേദിയിൽ നരേന്ദ്രമോദി നേടിയത് വൻ വിജയം. 

ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ മോദി മടിച്ചില്ല. മാത്രമല്ല പാകിസ്ഥാനെ കടന്നാക്രമിച്ച് ഭീകരവാദത്തിലേക്ക് ചർച്ച തിരിച്ചു കൊണ്ടു വന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്ക്കുമെന്ന് ട്രംപും പറഞ്ഞു. ഇസ്ലാമിക ഭീകരവാദം എന്ന ട്രംപിന്‍റെ പരാമർശത്തിന് കിട്ടിയ ആരവം ഇന്ത്യയിലെ പൊതുവികാരമായി അവതരിപ്പിക്കാൻ മോദിക്കായി. പ്രത്യേക പദവി നീക്കിയതിന് ബിജെപി പറയുന്ന കാരണങ്ങളാണ് മോദി അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയുടെ പൊതുനിലപാടായി അമേരിക്കയോട് ഇത് പറയാനുള്ള അവസരമാക്കി സ്വീകരണം മോദി മാറ്റി. 

വേ‌‍ൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്‍റെ നീക്കം വിശ്വസിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിർത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപ് തന്നെ വ്യക്തമാക്കി. ഫലത്തിൽ അസാധാരണവും അപ്രതീക്ഷിതവുമായി ചില കാഴ്ചകൾക്ക് ഹൂസ്റ്റണ്‍ സാക്ഷ്യം വഹിച്ചു. വൻ ജനാവലിയും ആരവും നരേന്ദ്രമോദിയുടെ ജനപ്രതീതി എന്തെന്ന് ട്രംപിനെ ബോധ്യപ്പെടുത്തും. മാത്രമല്ല ഇന്ത്യയുടെ സുഹൃത്തെന്ന് മോദി വിശേഷിപ്പിച്ച ട്രംപിന് ഇനി പാക് അനുകൂല നിലപാടിലേക്ക് മാറുക അസാധ്യമാണ്. 

അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത ഒരു വർഷത്തേക്ക് അന്താരാഷ്ട്ര സമൂഹം കശ്മീരിൽ ഇടപെടുന്നത് പ്രതിരോധിക്കാൻ മോദിക്ക് കഴിഞ്ഞു എന്ന് തല്‍ക്കാലം വിലയിരുത്താം. ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉടൻ എന്ന സൂചന രണ്ടു പ്രസംഗങ്ങളും നല്‍കി. ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകും. രണ്ടു സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ജമ്മുകശ്മീർ വിദേശമണ്ണിൽ പരാമർശിച്ച് ഇന്ത്യയിലെ വോട്ടർമാരെയും മോദി സ്വാധീനിക്കുന്നു. 

എൻആർ‍‍ജി സ്റ്റേഡിയത്തിൽ ഉയർന്ന  കയ്യടി കശ്മീര്‍ ഉയർത്തിയുള്ള പ്രതിപക്ഷ നീക്കത്തെയും ദുർബലമാക്കും. പലഭാഷകൾ പരാമർശിച്ച് മോദി ഭാഷാ വിവാദം തല്ക്കാലം അവസാനിപ്പിക്കാനും ശ്രമിച്ചു. എന്തായാലും മോദിയും ബിജെപിയും പ്രതീക്ഷിച്ചതിനെക്കാൾ വലിയ വിജയമാണ് ഹൂസ്റ്റണില്‍ കാണുന്നത്. ട്രംപിനും മോദിക്കും ഇടയിലെ ഈ രസതന്ത്രം ദേശീയതലത്തിൽ മാത്രമല്ല രാജ്യാന്തര രംഗത്തും നിർണ്ണായകമാകും.

Follow Us:
Download App:
  • android
  • ios