ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വെടിവെപ്പുണ്ടായി, ഒരാൾക്ക് പരിക്കേറ്റു. ജനങ്ങൾക്കിടയിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു.

ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. പ്രാദേശിക സമയം വൈകുന്നേരം 3:40-ഓടെ വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും സെവൻത് അവന്യൂവിന്റെയും ജംഗ്ഷനിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് നിക്സ് ടീമിന്റെ ചാമ്പ്യൻഷിപ്പ് പരേഡ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം. ഈ സമയത്ത് വലിയ ജനത്തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആൾക്കൂട്ടത്തിൽ ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാൾക്ക് കഴുത്തിന് വെട്ടേറ്റുവെന്നും പിന്നാലെ മറ്റൊരാൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു എന്നുമാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ജനക്കൂട്ടത്തിലേക്ക് ഓടിയെത്തുന്നതിൻ്റെയും വെടിയുതിർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയൊച്ച കേട്ടതോടെ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളും വ്യാപാരികളും നിലവിളിച്ചുകൊണ്ട് സുരക്ഷിത സ്ഥാനങ്ങൾ തേടി ഓടുകയായിരുന്നു. ചിലർ റോഡരികിൽ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ഒരു പ്രതിയെ ന്യൂയോർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് തോക്കും കണ്ടെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Scroll to load tweet…