കിമ്മും ഭാര്യയും പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പശ്ചാത്തലത്തിൽ ഹുറേ വിളികൾ മുഴങ്ങിയെന്ന് വാ‍ർത്താ ഏജൻസി റിപ്പോ‍ർട്ട്

സിയോൾ: അ‍ഞ്ച് മാസത്തിനിടെ ആദ്യമായി പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ നേതാവ് കിം ജോഹ് ഉന്നിന്റെ (Kim Jong Un) ഭാര്യ റി സോൾ ജു (Ri Sol Ju). കൊവി‍ഡ് (Covid) വ്യാപനത്തെ തുട‍ർന്ന് ഉത്തര കൊറിയയിലെ (North Korea) നേതാക്കളും കുടുംബവും പൊതുപരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

ചാന്ദ പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്. തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മാൻസുഡേ ആർട്ട് തിയേറ്ററിൽ നടന്ന കലാപരിപാടികൾ ആസ്വദിക്കാനാണ് ഇരുവരുമെത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു.

നേരത്തേ രാജ്യം സ്ഥാപിതമായതിന്റെ വാർഷിക ദിനത്തിൽ, കിമ്മിന്റെ അന്തരിച്ച മുത്തച്ഛന്റെയും പിതാവിന്റെയും എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന കുംസുസൻ കൊട്ടാരം സന്ദർശിച്ചതായിരുന്നു റി സോൾ ജു പങ്കെടുത്ത അവസാന പൊതുപരിപാടി. 2021 സെപ്തംബർ 9 നായിരുന്നു ഇത്. 

കിമ്മും ഭാര്യയും പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പശ്ചാത്തലത്തിൽ ഹുറേ വിളികൾ മുഴങ്ങിയെന്നും വാ‍ർത്താ ഏജൻസി റിപ്പോ‍ർട്ട് ചെയ്യുന്നു. ദമ്പതികൾ കലാകരാന്മാ‍ക്ക് ഹസ്തദാനം നൽകുകയും അവ‍ർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ തന്റെ ഭാര്യമാരോടൊപ്പം പൊതുവേദികളിൽ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുള്ളു. എന്നാൽ സാമൂഹിക, ബിസിനസ്, സൈനിക യാത്രകളിൽ പോലും കിമ്മിനൊപ്പം പലപ്പോഴും റി എത്താറുള്ളത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

കിമ്മിനും റിക്കും മൂന്ന് കുട്ടികളുണ്ടെന്നാണ് ചാര സംഘടനകൾ കരുതുന്നത്. പക്ഷേ അവരെക്കുറിച്ച് കൃത്യമായ ഒരു അറിവും ഇല്ല. ഇരുവരും മക്കളെക്കുറിച്ചുള്ല വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.