വാഷിംഗ്‍ടണ്‍: കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി എഴുപതിനായിരം കടന്നു. 58000 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 240 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കഴിഞ്ഞ അമേരിക്കയില്‍ മരണം ആറായിരം കടന്നു. കാലിഫോർണിയയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത 71 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണിൽ വീട്ടിൽ തന്നെ ഇരിക്കാനുള്ള നിർദേശം മെയ് 4 വരെ നീട്ടി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് രാജ്യവ്യാപകമായി പൗരർക്ക് നിർദേശം നൽകേണ്ട സമയം അതിക്രമിച്ചെന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ആന്‍റണി ഫൗച്ചി പറഞ്ഞു.

 24 മണിക്കൂറിനിടെ 932 പേർ കൂടി മരിച്ചതോടെ സ്പെയിനിൽ മരണ സംഖ്യ 11,000 ത്തിനടുത്തെത്തി. രോഗബാധിതർ  ഒരു ലക്ഷത്തി പതിനെട്ടായിരത്തോളമായി. ഇറ്റലിയിൽ മരണ സംഖ്യ 14,000 പിന്നിട്ടു .  ഇറാനിൽ 3300 ഓളം ആളുകളാണ് മരിച്ചത്.
ബ്രിട്ടനിൽ ജീവൻ നഷ്ടമായത് മൂവായിരത്തോളം പേർക്കാണ്യ തനിക്ക് തീവ്രമായ രോഗലക്ഷണങ്ങളുണ്ടായില്ലെന്ന് കൊവിഡിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന ചാൾസ് രാജകുമാരൻ വ്യക്തമാക്കി. ജർമ്മനിയിൽ മരണം ആയിരം കടന്നു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടർന്ന് 14 ദിവസം നിരീക്ഷണത്തിലായിരുന്ന ചാൻസലർ ആംഗല മെർക്കൽ തിരികെ ഓഫീസിലെത്തി.

ഇറാഖിൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ രോഗബാധിതരുണ്ടെന്ന റിപ്പോർട്ട് പുറത്തുവിട്ട റോയിട്ടേഴ്സ് വാർത്താഏജൻസിയെ രാജ്യത്ത് പ്രവർത്തിക്കുന്നതിൽ നിന്ന് 3 മാസത്തേക്ക് വിലക്കി. സിംഗപ്പൂരിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.
കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യപ്രവർത്തകരടക്കമുള്ളവരെ അനുസ്മരിച്ച് ചൈനയിൽ നാളെ ദേശീയ ദുഖാചരണം നടക്കും.