വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 85,463 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേര്‍ മരിച്ചു. ബ്രസീലിലും റഷ്യയിലും മരണസംഖ്യ ഉയരുകയാണ്. അതേസമയം കൊവിഡ് രോഗാണുവിനെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ  സംഘടനയുടെ അറിയിപ്പ്. എയിഡ്‍സ് വൈറസ്‌ പോലെ ഇത് എക്കാലവും മനുഷ്യർക്ക് ഒപ്പമുണ്ടാകാനാണ് സാധ്യതയെന്ന്  ലോകാരോഗ്യ സംഘടന എക്സിക്യുട്ടീവ്  ഡയറക്റ്റർ ഡോക്ടർ മൈക് റയാൻ പറഞ്ഞു. 

ലോക  ജനസംഖ്യയുടെ വലിയൊരു ഭാഗം  കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഇവർക്ക് വൈദ്യ സഹായം വേണ്ടിവരുമെന്നും  യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.  കൊവിഡ് രോഗത്തിന് ഇപ്പോഴുള്ള മികച്ച പരിചരണ രീതി  എന്തെന്ന്  കണ്ടെത്താൻ ലോകാരോഗ്യ സംഘടനാ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ പഠനം തുടങ്ങി.  യൂറോപ്പിലെ തകർന്ന വിനോദസഞ്ചാര മേഖല പുനര്‍ജീവിപ്പിക്കാന്‍  യൂറോപ്പ്യന്‍ യുണിയൻ പുതിയ പദ്ധതി അവതരിപ്പിച്ചു. മിക്ക രാജ്യങ്ങളും കൂടുതൽ ഇളവുകൾ നൽകണമെന്ന നിർദേശം ഉൾപ്പെടുന്നതാണ് പദ്ധതി.