കാലിഫോർ‌ണിയ: യുഎസിനെ ലോസ് ആഞ്ചൽ‌സിലും കാലിഫോർണിയയിലും കാട്ടുതീ വ്യാപകമായി പടരുകയാണ്. ആളുകൾ നാടും വീടും വിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് പാലായനം ചെയ്യുകയാണ്. നിരവധി ജീവജാലകങ്ങളും സൗധങ്ങളും തീയിൽ കത്തിയമർന്നു. അ​ഗ്നി വിഴുങ്ങി തുടങ്ങിയ കാലിഫോർണിയയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വാർത്തയാണ് പുറത്തുവരുന്നത്.

ബുധനാഴ്ചയുണ്ടായ കാട്ടുതീയിൽ കാലിഫോർണിയയിലെ പ്രശസ്തമായ റോണാൾഡ് റീ​ഗൻ ലൈബ്രറിയ്ക്ക് തീപിടിച്ചില്ല. എന്താണ് കാരണമെന്നല്ലെ? അഞ്ഞൂറിലേറെ ആടുകൾ ചേർന്നാണ് കാട്ടുതീയിൽ നിന്ന് റീ​ഗൻ ലൈബ്രറിയെ രക്ഷിച്ചത്. എങ്ങനെയെന്നല്ലേ? കുന്നിൽ മുകളിലുള്ള ലൈബ്രറി സമുച്ചയത്തിന് ചുറ്റുമുള്ള പുല്ലുകളും ചെറുചെടികളുമെല്ലാം ആടുകൾ കൂട്ടത്തോടെ വന്ന് തിന്നാറുണ്ടായിരുന്നു. തീപിടിയ്ക്കാൻ സാധ്യതയുള്ള കരിഞ്ഞ പുല്ലുൾ‌പ്പടെ ആടുകൾ തിന്നതോടെ ലൈബ്രറിയിലേക്ക് തീ പടർന്ന് പിടിക്കാതെ മാറിപ്പോകുകയായിരുന്നു.

കാട്ടുതീ പിടിയ്ക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ റീ​ഗൻ ഫൗൺണ്ടേഷൻ തന്നെയാണ് ആടുകളെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിനായി സ്വകാര്യ ഫാമിൽ നിന്ന് കഴിഞ്ഞ മേയില്‍ 805 ആടുകളെ ഫൗണ്ടേഷൻ വാടകയ്ക്കെടുത്തിരുന്നു. 13 ഏക്കറോളം വരുന്ന കുന്നിച്ചരിവിലെ കുറ്റിച്ചെടികൾ തിന്ന് തീർക്കാനായിരുന്നു ഫൗണ്ടേഷൻ ആടുകളെ വാടകയ്ക്കെടുത്തത്. കഴി‍ഞ്ഞ ഒരു വർഷത്തോളമായി ആടുകൾ പ്രദേശത്ത് മേയാൻ വരാറുണ്ടായിരുന്നു. വിൻസെന്റ് വാൻ ​ഗോട്ട്. സെലെന ​ഗോട്ടമസ് എന്നിവരാണ് കുന്നിച്ചെരുവിലെത്തി ആടുകളെ മേയ്ക്കുന്നത്. ഒരേക്കറിന് എഴുപതിനായിരത്തോളം രൂപയാണ് കമ്പനി കൂലിയായി വാങ്ങിക്കുന്നത്. 

ലൈബ്രറിയ്ക്ക് തീപിടിക്കുന്നത് തടയാനായി എയർഫോഴ്സ് എത്തിയിരുന്നു. എന്നാൽ, അപകടകരമാം വിധത്തിൽ തീപ്പിടിക്കാത്തതിനാൽ ഫയർഫോഴ്സിന്റെ ജോലി എളുപ്പമാക്കി. തെക്കെ കാലിഫോർണിയയിലെ സിമി താഴ്‍വരയ്ക്ക് സമീപമാണ് ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറിയായ റോണാൾഡ് റീ​ഗൻ സ്ഥിതി ചെയ്യുന്നത്. കാട്ടുതീ പടർന്ന് പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശത്ത് നേരത്തെ തന്നെ തീ പടരുന്നത് തടയാനുള്ള മാർ​ഗങ്ങൾ സ്വീകരിച്ചിരുന്നു.