2025-ൽ ഇന്ത്യൻ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്ന് നിയോയുടെ റിപ്പോർട്ട്. അന്താരാഷ്ട്ര യാത്രകളിൽ പത്തിൽ ഒമ്പതും നടത്തിയത് മില്ലേനിയലുകളും ജെൻസിയുമാണെന്നാണ് കണ്ടെത്തൽ. 

കോവിഡ് കാലത്തിന് ശേഷം ആ​ഗോള തലത്തിൽ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവുണ്ടായ ഒരു വർഷമാണ് 2025. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടൂറിസം മേഖലയിൽ നിർണായകമായ മാറ്റങ്ങളാണ് ഈ വർഷമുണ്ടായത്. പത്ത് അന്താരാഷ്ട്ര യാത്രകളിൽ ഒമ്പതെണ്ണത്തിനും നേതൃത്വം നൽകിയത് മില്ലേനിയലുകളും ജെൻസിയുമാണെന്നാണ് ട്രാവൽ-ബാങ്കിംഗ് ഫിൻടെക് പ്ലാറ്റ്‌ഫോമായ നിയോ പുറത്തിറക്കിയ വാർഷിക യാത്രാ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

'10 അന്താരാഷ്ട്ര യാത്രകളിൽ 9 എണ്ണവും നടത്തുന്നത് ജെൻസിയും മില്ലേനിയലുകളുമാണ്. ഈ യാത്രകളിൽ മൂന്നിൽ രണ്ട് ഭാഗവും ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വന്നിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര മെട്രോ നഗരങ്ങൾ പുറത്തേക്കുള്ള യാത്രയിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ഒറ്റയ്ക്കുള്ള യാത്രകളാണ്'. റിപ്പോർട്ടിൽ പറയുന്നു.

63.8 ശതമാനം യാത്രകളും ഒറ്റയ്ക്ക് പോയവരാണ്. 19.93 ശതമാനം യാത്രകൾ ദമ്പതികളുടേതും 12.26 ശതമാനം കുടുംബങ്ങളുടേതും 4.01 ശതമാനം ഗ്രൂപ്പുകളുടേതുമാണ്. ഇത് സ്വതന്ത്ര യാത്രകളോടുള്ള വർദ്ധിച്ചുവരുന്ന പ്രവണതയെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഹ്രസ്വദൂര ഏഷ്യൻ ഡെസ്റ്റിനേഷനുകളും വളർന്നുവരുന്ന മധ്യേഷ്യൻ രാജ്യങ്ങളുമാണ് ഇന്ത്യൻ സഞ്ചാരികളുടെ പ്രധാന തിരഞ്ഞെടുപ്പുകളായി കണ്ടെത്തിയിരിക്കുന്നത്.

പട്ടികയിൽ മുന്നിൽ തായ്‌ലൻഡാണ്. 23.08 ശതമാനം ആളുകളാണ് തായ്ലൻഡിലേയ്ക്ക് യാത്രകൾ നടത്തിയത്. യുഎഇയാണ് (21.57 ശതമാനം) തൊട്ടുപിന്നിൽ. ജോർജിയ (9.65 ശതമാനം), മലേഷ്യ (8.89 ശതമാനം), ഫിലിപ്പീൻസ് (8.8 ശതമാനം), കസാക്കിസ്ഥാൻ (7.38 ശതമാനം), വിയറ്റ്നാം (5.87 ശതമാനം), ഉസ്ബെക്കിസ്ഥാൻ (5.6 ശതമാനം), യുകെ (5.38 ശതമാനം), സിംഗപ്പൂർ (3.78 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ഡെസ്റ്റിനേഷനുകളിലേയ്ക്ക് എത്തിയ യാത്രക്കാരുടെ എണ്ണം.

വിമാന യാത്രാ വളർച്ചയുടെ കാര്യത്തിൽ തായ്‌ലൻഡ്, യുഎഇ, മലേഷ്യ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മുന്നിൽ. അതേസമയം ദുബായ്, വിയറ്റ്നാം, സിംഗപ്പൂർ, ഹോങ്കോംഗ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിസ ബുക്കിംഗുകളും ശക്തമായി വർദ്ധിച്ചിട്ടുണ്ട്. വിദേശ യാത്രക്കാർക്കിടയിലെ ചെലവിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. മൊത്തം ചെലവിന്റെ പകുതിയോളം ഷോപ്പിംഗ്, ഭക്ഷണം (20.69 ശതമാനം), ഗതാഗതം (19.93 ശതമാനം), താമസം (9.09 ശതമാനം), മറ്റുള്ളവ (3.01 ശതമാനം) എന്നിങ്ങനെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പത്ത് ലക്ഷത്തിലധികം ഇന്ത്യൻ സഞ്ചാരികളുടെ യാത്രാ സംബന്ധമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.