ഹോം ഡെലിവറി സ‍‍ർവ്വീസ് ജീവനക്കാരിയായ സൂ എന്ന 25കാരിയുടെ ദൃശ്യങ്ങൾ ചൈനീസ് ഇൻഫ്ലുവൻസർ അൻഹുയി പ്രവിശ്യയിൽ നിന്നാണ് പകർത്തിയത്

ബെയ്‌ജിങ്ങ്‌: നാല് വയസ് പ്രായമുള്ള മകളെ ഫുഡ് ഡെലിവറി ബോക്സിൽ വച്ച് ജോലി ചെയ്യുന്ന 25കാരി അമ്മയുടെ ദൃശ്യങ്ങൾ വൈറലാവുന്നു. കാൻസർ രോഗത്തിന് ചികിത്സ പുരോഗമിക്കുന്ന നാല് വയസുകാരിയെയാണ് മറ്റ് വഴികളില്ലാതെ അമ്മ ഡെലിവറി ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടുന്നത്. ചൈനയിൽ നിന്നുള്ളതാണ് വൈറലാവുന്ന ദൃശ്യങ്ങൾ. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചൈനയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ ദുരവസ്ഥ വ്യക്തമാക്കുന്നുണ്ട്.

ഹോം ഡെലിവറി സ‍‍ർവ്വീസ് ജീവനക്കാരിയായ സൂ എന്ന 25കാരിയുടെ ദൃശ്യങ്ങൾ ചൈനീസ് ഇൻഫ്ലുവൻസർ അൻഹുയി പ്രവിശ്യയിൽ നിന്നാണ് പകർത്തിയത്. മെയ്തുവാൻ എന്ന ഓൺലൈൻ ഭക്ഷണ ഡെലിവറി സർവ്വീസിലാണ് 25കാരി ജോലി ചെയ്യുന്നത്. ട്യൂമർ ബാധിച്ച് ചികിത്സ തേടുന്ന നാല് വയസുകാരിയെ ഒപ്പം കൂട്ടിയാണ് സൂ ജോലിക്ക് പോവുന്നത്. ട്യൂമർ ബാധിച്ച് മൂന്ന് ഓപ്പറേഷനും കീമോ തെറാപ്പിയുടെ 9 സെഷനും റേഡിയോ തെറാപ്പിയുടെ 12 റൗണ്ടും പൂർത്തിയായ മകളെ വീട്ടിൽ തനിച്ചിരുത്താനുള്ള ആശങ്കയാണ് സൂ മകളെ ഒപ്പം കൂട്ടാനുള്ള കാരണം. സൂ ഭക്ഷണം കൊണ്ടുപോകുന്ന സ്കൂട്ടറിന്റെ മുൻപിൽ ഭക്ഷണം വയ്ക്കുന്നതിന് സമാനമായ ഒരു ബോക്സിലാണ് നാല് വയസുകാരി നുവോക്സിയെ സൂ ഇരുത്തുന്നത്.

ഇലക്ട്രിക് ബൈക്കിൽ കൊടും ചൂടിൽ കാനുല ഘടിപ്പിച്ച കയ്യും നെഞ്ചിൽ കീമോ പോർട്ടുമായി നുവോക്സി അമ്മയെ കാത്തിരിക്കുന്ന വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മറ്റൊരു സ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരനാണ് നുവോക്സിയുടെ പിതാവ് ഗുവാൻ. രണ്ട് പേരും മുഴുവൻ സമയം ജോലി ചെയ്താൽ മാത്രമാണ് മകളുടെ ചികിത്സ മുടങ്ങാതിരിക്കൂവെന്നാണ് 25കാരിയുടെ പ്രതികരണം. രോഗിയായ മകളുടെ പരിചരണവും ജീവിത ചെലവുകളും തൊഴിലും ഒരുമിച്ച് കൊണ്ട് പോകാൻ ഏറെ പാടുപെടുന്നുണ്ടെന്നും സൂ വിശദമാക്കുന്ന വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായിരിക്കുകയാണ്.

Scroll to load tweet…

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുടുംബത്തിന് പിന്തുണയുമായി വരുന്നത്. പ്രാദേശിക സർക്കാരും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടിയേറിയെത്തുന്നവ‍ർ അടക്കം നിരവധിപ്പേരാണ് ചൈനയിൽ ഭക്ഷണ ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്നത്. 15 മണിക്കൂർ വരെയാണ് ഭക്ഷണ ഡെലിവറി ജീവനക്കാർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം