ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുള്‍ റൗഫ്, മകന്‍ ഹമദ് അസ്ഹര്‍ എന്നിവരടക്കം സംഘടനയുടെ 44-ഓളം പ്രവര്‍ത്തകരെ പാകിസ്ഥാനിലെ പ്രവിശ്യാ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇവരെല്ലാം കരുതല്‍ തടവില്‍ ആണെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടനെ തീരുമാനമെടുക്കുമെന്നുമാണ് പാകിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്ഷെ നേതാക്കളെ അറസ്റ്റ് ചെയ്ത വിവരം പാകിസ്ഥാന്‍ അഭ്യന്തര സഹമന്ത്രിയും അഭ്യന്തരവകുപ്പ് സെക്രട്ടറിയും ഇസ്ലമാബാദില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു സ്ഥിരീകരിച്ഛിട്ടുണ്ട്. പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കരുതല്‍ അറസ്റ്റുകളെന്ന് അഭ്യന്തര വക്താകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. 

പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഈ തെളിവുകളില്‍ പുല്‍വാമ ആക്രമണത്തിന്‍റെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അബ്ദുള്‍ റൗഫിനേയും ഹമദ് അസ്ഹറിനേയും ആണ്. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ ശക്തമല്ലെന്നാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ലഭിക്കാത്ത പക്ഷം ഇവരെ വിട്ടയക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പാകിസ്ഥാന്‍ അഭ്യന്തര സഹമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദിയും  പാകിസ്ഥാന്‍ അഭ്യന്തര സെക്രട്ടറി മേജര്‍ അസം സുലൈമാന്‍ ഖാനും വ്യക്തമാക്കി.  

മാര്‍ച്ച് നാലിന് ഇസ്ലാമാബാദില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ സമിതി യോഗം തയ്യാറാക്കിയ ആക്ഷന്‍ പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.തീവ്രവാദ ശക്തികള്‍ക്ക് പാകിസ്ഥാന്‍റെ മണ്ണ് താവളമാക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അവസരം നല്‍കില്ല.  പുതിയ പാകിസ്ഥാനില്‍ അനീതിക്ക് സ്ഥാനമില്ലെന്നും യാതൊരു വേര്‍തിരിവും കാണിക്കാതെ തന്നെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വാര്‍ത്താസമ്മേനത്തില്‍ അഭ്യന്തരസഹമന്ത്രി ഷെഹരീയാര്‍ ഖാന്‍ അഫ്രീദി  പറഞ്ഞു. 

 പാകിസ്ഥാനിലെ എല്ലാ പ്രവിശ്യകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത സുരക്ഷാസമിതിയോഗം അഭ്യന്തരസുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഈ പ്ലാന്‍ പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിട്ടുവീഴ്ചച്ചയില്ലാതെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതായി പാകിസ്ഥാന്‍ മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഇപ്പോള്‍ 44 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പാകിസ്ഥാന്‍റെ മണ്ണ് ആര്‍ക്കെങ്കിലും എതിരെ ഉപയോഗിക്കാന്‍ ആരേയും ഞങ്ങള്‍ അനുവദിക്കില്ല. അഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ പാകിസ്ഥാനില്‍ ഇടപെടാന്‍ ഒരു ശക്തിക്കും ഇനി അവസരം നല്‍കില്ല. ഇന്ത്യ നടത്തിയ വ്യോമാക്രമണം പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ഷെഹരീയാര്‍ അഫ്രീദി പറഞ്ഞു.

അതിനിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഫോണില്‍ സംസാരിച്ചു. 44 ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ പാകിസ്ഥാന്‍ കരുതല്‍ തടങ്കലില്‍ എടുത്തുവെന്ന വാര്‍ത്തകള്‍ക്ക് പിറകേയാണ് അമേരിക്കയുടേയും ഇന്ത്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ആശയവിനിമയം നടത്തിയത്. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ ഉടന്‍ ദില്ലിക്ക് അയക്കുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണ് പ്രതിനിധിയുടെ ചുമതലകള്‍ വഹിക്കുന്നത്. ഇസ്ലാമാബാദിലെ  ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമ്മീഷണര്‍ ദില്ലിയില്‍ തിരിച്ചെത്തുമെന്നാണ് പാകിസ്ഥാന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. 

കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവത്തോടെ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ജയ്ഷെ മുഹമ്മദിന്‍റെ പ്രമുഖ നേതാക്കള്‍ക്കെതിരായ സര്‍ക്കാര്‍ നടപടി എന്നാണ് വിലയിരുത്തല്‍. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദശക്തികള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ എടുക്കും വരെ ആ രാജ്യവുമായി ഒരു തരത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കുമില്ലെന്ന നിലപാടിലാണ് കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ. പുല്‍വാമ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വേദികളിലും സുഹൃത്ത് രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യ നടത്തിയ നയതന്ത്രനീക്കങ്ങള്‍ പാകിസ്ഥാനെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അമേരിക്കയും സൗദിയും അടക്കമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന് മേല്‍ നിരന്തരസമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം.