ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ലഷ്‌കറെ ത്വയിബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി പാകിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ്(സിടിഡി) ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈ ഭീകരാക്രമണക്കേസില്‍ 2015 മുതല്‍ ലഖ്വി ജാമ്യത്തിലായിരുന്നു.

എവിടെവെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലാഹോറിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലഖ്വി നടത്തുന്ന മരുന്നുകട മുഖേന ഫണ്ട് സ്വീകരിക്കുകയും ലഭിച്ച ഫണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി നല്‍കിയെന്നുമാണ് ആരോപണം. സ്വന്തം ചെലവിനായും ഈ ഫണ്ട് ലഖ്വി ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ വിചാരണ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ലഖ്വിക്ക് ചെലവിനായി പ്രതിമായം 1.5 ലക്ഷം രൂപ നല്‍കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.