നിരപരാധികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തെ ബൈഡന്റെ ഭരണകൂടം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹവുമൊത്ത് ഈദ് ആഘോഷിക്കാനാകില്ല-കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് പറഞ്ഞു. 

വാഷിങ്ടണ്‍: ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം സംഘടിപ്പിച്ച ഈദ് വിരുന്ന് അമേരിക്കയിലെ മുസ്ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചു. വൈറ്റ് ഹൗസില്‍ ഞായറാഴ്ചയാണ് ബൈഡന്‍ വെര്‍ച്വലായി പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഇസ്രായേലിനോടുള്ള ബൈഡന്റെ അനുകൂല സമീപനം തിരുത്താതെ പങ്കെടുക്കില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. 

നിരപരാധികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തെ ബൈഡന്റെ ഭരണകൂടം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹവുമൊത്ത് ഈദ് ആഘോഷിക്കാനാകില്ല-കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് പറഞ്ഞു. അനീതി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ അധികാരവും ധാര്‍മിക ഉത്തരവാദിത്തവും ബൈഡനുണ്ട്. വേട്ടക്കാരോടൊപ്പമല്ല, ഇരകളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയാണെന്നും അവദ് പറഞ്ഞു. 

നേരത്തെ, ബൈഡന്‍ നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ മുഴുവന്‍ മുസ്ലീങ്ങളോടും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ആഹ്വാനം നല്‍കിയിരുന്നു. 

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഒരാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ യുഎന്‍സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.രക്ഷാ സമിതി വെര്‍ച്വല്‍ യോഗംതീരുമാനമാകാതെ പിരിഞ്ഞു.ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തില്‍ ഉണ്ടായില്ല.യുഎന്‍ രക്ഷാ സമിതി യോഗ സമയത്തും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ചേര്‍ന്ന യു.എന്‍. യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാ ദര്‍ദാന്‍ പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ അമേരിക്ക,ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് നിന്നു.