ന്യൂയോര്‍ക്ക്: 175 രാജ്യങ്ങളിലുള്ളവരെ പറ്റിച്ച് 34924.99 കോടി രൂപ തട്ടി ഇന്ത്യക്കാരി മുങ്ങിയിട്ട് രണ്ട് വര്‍ഷം. ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പാണ് രുജാ ഇഗ്‌നാറ്റോവ എന്ന സ്ത്രീ മുങ്ങിയത്. 'ക്രിപ്‌റ്റോ റാണി' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പുതിയ തരം പണമെന്ന പേരിലാണ് വിവിധ രാജ്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സിയായ വണ്‍കോയിന്‍  രുജാ അവതരിപ്പിച്ചത്.ഇവരെക്കുറിച്ച് ബിബിസി കഴിഞ്ഞ ദിവസം ഡോക്യുമെന്‍ററി പ്രക്ഷേപണം ചെയ്തതോടെയാണ് വീണ്ടും ഇവരുടെ കേസ് മാധ്യമ ശ്രദ്ധയിലേക്ക് വന്നത്.

രുജായുടെ തട്ടിപ്പില്‍ പെട്ടത് നിരവധി ആളുകളാണ്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ നിന്ന് 96 ദശലക്ഷം പൗണ്ടും, ചൈനയില്‍ നിന്ന് 427 മില്ല്യന്‍ യൂറോയുമാണ് 2016-ല്‍ രുജോ തട്ടിയെടുത്തത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്‌നാറ്റോവ തുടങ്ങിയ പേരുകളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 

വണ്‍കോയിന്‍ അധികം താമസിയാതെ ബിറ്റ്കോയിനെ മറികടക്കുമെന്നു പറഞ്ഞും, 'തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന' മറ്റു ക്രിപ്റ്റോകറന്‍സികളെ കളിയാക്കിയുമൊക്കെയാണ് അവര്‍ ആളുകളെ കൈയ്യിലെടുത്തത്.

ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം രുജയ്ക്ക് ലഭിച്ചു. വിയറ്റ്നാം, ബംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ ദരിദ്ര രാജ്യങ്ങളില്‍ നിന്നു പോലുമുള്ള ആളുകള്‍ അവരുടെ തട്ടിപ്പില്‍ പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വന്‍ തുകയാണ് പല രാജ്യങ്ങളില്‍ നിന്നും അവരെ വിശ്വസിച്ചു നല്‍കിയത്. 2016ല്‍ വെംബ്ലിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത പലരും ഇവരുടെ വലയില്‍ വീണു. 2017-ല്‍ രുജ അപ്രത്യക്ഷയാകുകയായിരുന്നു. പിന്നീടവരെ ഇന്നു വരെ കണ്ടിട്ടില്ല ഈ വര്‍ഷമാദ്യം രുജയ്ക്കെതിരെ അമേരിക്ക കള്ളപ്പണക്കേസ്  ചുമത്തിയിരിക്കുകയാണ്.