രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബെഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. അമേരിക്കൻ കോൺഗ്രസിനെ ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാകും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചർച്ചകൾ നടക്കുക.
ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. തെരഞ്ഞെടുത്ത കമ്പനികളുടെ സി ഇ ഒ മാരുമായും ഇന്ത്യൻ സംഘം ചർച്ച നടത്തും. ഈ മാസം 21 ാം തിയതി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ യോഗ ദിന പരിപാടികൾക്ക് നേതൃത്വം നൽകുന്നതും മോദിയാകും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച മോദി ഈജിപ്തിലേക്ക് പോകും. ഈജിപ്ത് സന്ദർശനത്തിന് ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക.
മോദിയുടെ സന്ദർശനത്തിൽ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്ന കരാറും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ വമ്പൻ പദ്ധതിയുടെ സാക്ഷാത്കാരമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ മോദിയുടെ യു എസ് സന്ദർശനത്തിൽ ഒപ്പവെച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജി ഇ) ആകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിടുകയെന്നാണ് വിവരം. മോദിയുടെ അമേരിക്കൻ സന്ദർശനം ഇതുകൊണ്ടുതന്നെ അതിപ്രധാനമാകുകയാണ്. കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ദില്ലിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കിടെ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം.
ജി ഇ യുദ്ധവിമാന എഞ്ചിനുകളുടെ നിർമ്മാണം
ഒഹായോ ആസ്ഥാനമായുള്ള ജി ഇ കമ്പനിയുടെ ഉപസ്ഥാപനമായ ജി ഇ എയ്‌റോസ്‌പേസാകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കുക. ഇതിനായുള്ള സാങ്കേതികവിദ്യയും ഇന്ത്യയിൽ വികസിപ്പിക്കും. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ സഹകരണത്തിന്‍റെ ഭാഗമായാകും കരാറിൽ ഒപ്പിടുക. കോടിക്കണക്കിന് ഡോളറുകളുടെ കരാറാകും ഒപ്പിടുകയെന്നാണ് വിവരം. ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ, തേജസ് എം കെ II ഉൾപ്പെടെയുള്ള ഭാവിയിലെ എല്ലാ യുദ്ധവിമാനങ്ങളും ജി ഇ എഫ് 414 എഞ്ചിനുകൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ), ട്വിൻ എഞ്ചിൻ ഡെക്ക് ബേസ്ഡ് ഫൈറ്റർ (ടിഇഡിബിഎഫ്) എന്നിവയിലും ഇതേ എഞ്ചിൻ ഘടിപ്പിക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

