6 മാസം പിന്നിട്ട ബഹിരാകാശ ജീവിതം അടിപൊളി, വിശപ്പ് ഇച്ചിരി കൂടുതലാ; തിരിച്ചെത്താൻ സുനിത 2 മാസം കാത്തിരിക്കണം
3 നേരം നല്ല അളവിൽ ഭക്ഷണം കഴിച്ചാണ് ഇപ്പോൾ വിശപ്പ് അടക്കുന്നതെന്ന് സുനിത
ന്യൂയോർക്ക്: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യാംസും ബുച്ച് വിൽമോറും കേവലം ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് ബഹിരാകാശത്ത് എത്തിയത്. ഏഴ് ദിവസം കണക്ക് കൂട്ടിയ യാത്രം ഇപ്പോൾ അര വർഷം കടന്നിരിക്കുകയാണ്. 2024 ജൂൺ 5 നാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഒരാഴ്ചത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ആറ് മാസം പിന്നിട്ട ഇവരുടെ ബഹിരാകാശ ജീവിതം ഇനിയും രണ്ട് മാസം നീളുമെന്ന് ഉറപ്പാണ്. നാസയുടെ ഏറ്റവും ഒടുവിലെ പദ്ധതിപ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ എന്നാണ് വ്യക്തമാകുന്നത്.
ഇതിനിടയിൽ സുനിതയുടെയും വിൽമോറിന്‍റെയും ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശങ്കകൾ ഉയർന്നെങ്കിലും ഇരുവരും വീഡിയോ സന്ദേശങ്ങളിലൂടെ ബഹിരാകാശ ജീവിതം അടിപൊളിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവിലായി ഇന്നലെ യു എസ് മാസച്യുസിറ്റ്സിൽ തന്റെ പേരിലുള്ള സ്കൂളിലെ വിദ്യാർഥികളുമായി വിഡിയോ സംവാദത്തിലും ഇക്കാര്യം തന്നെയാണ് വിവരിച്ചത്. ബഹിരാകാശ ജീവിതം അടിപൊളി അനുഭവമാണെന്നാണ് കുട്ടികളോട് ചിരിക്കുന്ന മുഖത്തോടെ സുനിത വ്യക്തമാക്കിയത്.
ബഹിരാകാശത്ത് സുനിത വില്യംസിന്‍റെ ചീരകൃഷി! കഴിക്കാനല്ല, പക്ഷേ പരീക്ഷണത്തിന് പിന്നിൽ കാരണമുണ്ട്!
ആദ്യം വന്നപ്പോൾ വിശപ്പ് കുറവായിരുന്നെന്നും ഇപ്പോൾ ഭയങ്കര വിശപ്പാണ് അനുഭവപ്പെടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 3 നേരം നല്ല അളവിൽ ഭക്ഷണം കഴിച്ചാണ് ഇപ്പോൾ വിശപ്പ് അടക്കുന്നതെന്നും സുനിത വിവരിച്ചു. നേരത്തെ തനിക്ക് ബഹിരാകാശത്ത് എത്തിയ ശേഷം ഭാരക്കുറവുണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്ത് എത്തിയപ്പോളുള്ള അതേ ഭാരമാണ് ഇപ്പോഴും ഉള്ളതെന്ന് സുനിത വിവരിച്ചിട്ടുണ്ട്.
നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസ് കൃഷി തുടങ്ങിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സുനിത വില്യംസ് ബഹിരാകാശത്ത് ചീരകൃഷിയാണ് ചെയ്യുന്നത്. ചിര ഇനത്തിൽപ്പെട്ട ലെറ്റിയൂസ് എന്ന പച്ചക്കറി കൃഷി, സുനിത വില്യംസ് പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ബഹിരാകാശത്തെ സുനിതയുടെ ചീരകൃഷി ഭക്ഷണത്തിന് വേണ്ടിയല്ല. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പരീക്ഷണമാകും ഇതെന്നാണ് നാസ പറയുന്നത്. പരീക്ഷണത്തിന്‍റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകുമെന്നാണ് നാസ വിവരിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം