വാഷിങ്ടൺ: അമേരിക്ക-മെക്‌സിക്കോ അതിർത്തിയിൽ ഇന്ത്യക്കാരിയെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ഏഴുവയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് അതിര്‍ത്തിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. 

അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഉള്ളതാണ് കുട്ടിയെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ പ്രാഥമിക നി​ഗമനം. നാലുപേരുടെ സംഘത്തോടൊപ്പമാണ് കുട്ടി വന്നതെന്നും ആളുകളെ അനധികൃതമായി കടത്തുന്നവരാകാം  ഇവരെ അതിര്‍ത്തിയില്‍ എത്തിച്ചതെന്നും  അവർ പറയുന്നു.

അതേസമയം  ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ടുകുട്ടികളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് ടക്‌സണ്‍ മേഖലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ പറഞ്ഞതായി എപി റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വേറെ കുടിയേറ്റക്കാര്‍ ഉണ്ടോ എന്നറിയാന്‍  അതിര്‍ത്തിക്കു സമീപം അധികൃതര്‍ തിരച്ചിൽ നടത്തുകയുണ്ടായി.