ലണ്ടൻ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ കോടതിയാണ് നീരവ് മോദിയുടെ  ജാമ്യാപേക്ഷ തള്ളിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 26 വരെ നീരവ് മോദി ജയിലിൽ തുടരണം എന്ന് കോടതി ഉത്തരവിട്ടു.

നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്ന ക്രൗൺ  പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

ജാമ്യം ലഭിച്ചാൽ നീരവ് മോദി ബ്രിട്ടൻ വിട്ടുപോകാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ യുകെ കോടതിയെ ബോധിപ്പിച്ചു. ഇന്ത്യയിൽനിന്നുള്ള സിബിഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയിൽ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിരുന്നു.