ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തിന്മേലുള്ള തർക്കം അവസാനിപ്പിച്ച് ചൈനയും നേപ്പാളും. എവറസ്റ്റിന്റെ ഉയരമെത്രയെന്ന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രഖ്യാപിച്ചു. പുതിയ കണക്ക് പ്രകാരം ഇരു രാജ്യങ്ങളും പ്രഖ്യാപിച്ച എവറസ്റ്റിന്റെ ഉയരം  8848.86 മീറ്ററാണ്. 

2015 ലെ ഭൂചലനത്തിന് ശേഷം എവറസ്റ്റിന്റെ ഉയരത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതോടെയാണ് വീണ്ടും ഉയരം കണക്കാക്കാൻ നേപ്പാൽ തീരുമാനിച്ചത്. നേരത്തേ കണക്കാക്കിയ ഉയരത്തേക്കാൾ 86 സെന്റീമീറ്റർ കൂടുതലാണ് നിലവിൽ എവറസ്റ്റിന്റെ ഉയരം. 

1954ൽ നടത്തിയ ഇന്ത്യൻ സർവ്വേയിൽ 8848 മീറ്റർ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ് നേപ്പാൾ സന്ദർശിച്ചതിന് പിന്നാലെയാണ് എവറസ്റ്റിന്റെ ഉയരം കണക്കാക്കാനുള്ള ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അനശ്വര പ്രതീകമായാണ് എവറസ്റ്റിനെ അന്ന് ഇരു രാജ്യങ്ങളും വിശേഷിപ്പിച്ചത്.