ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ വാഹനങ്ങളും പാലങ്ങളും റോഡുകളും. മിന്നൽപ്രളയത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാൾ. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് 157 പേർ ദുരന്തത്തിൽ മരിച്ചതായാണ് വിവരം. 750-ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്.
ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രാണരക്ഷാർഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നൽപ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.
മണ്ണും കല്ലുകളും നിറഞ്ഞ പ്രളയജലം ഇരച്ചെത്തി കെട്ടിടങ്ങളും മറ്റും തകർന്നുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാനായി കരഞ്ഞ് നിലവിളിച്ച് ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിന് പിന്നാലെ മേഖലകളിൽ നേപ്പാൾ സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേർ ഇപ്പോഴും കാണാമറയത്താണ്.
അതേസമയം, പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ പ്രളയത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
നേപ്പാളിന് ഇന്ത്യയുടെ സഹായം...
മിന്നൽപ്രളയം വൻനാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യയുടെ അടിയന്തരസഹായം. താത്കാലിക ടെന്റുകൾ, കമ്പിളി, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചതായും ഇന്ത്യ നേപ്പാളിനൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. ഇനി രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.
ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ...
പ്രളയദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ഈ ദുഷ്കരമായ വേളയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


