Asianet News MalayalamAsianet News Malayalam

നേപ്പാളിൽ വൻ വിമാന ദുരന്തം: 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു

വിമാനം പൂർണമായി കത്തിനശിച്ചു. പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു

nepal flight crash many died
Author
First Published Jan 15, 2023, 11:40 AM IST

ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.

68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിർമ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. 

യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലെ റൺവേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാൾ. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്കരമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റൺവേകൾ ചെറുതാണെന്നതും വെല്ലുവിളിയാണ്. 

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യാക്കാർ അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.

Follow Us:
Download App:
  • android
  • ios