നേപ്പാളിൽ 'ജെൻസി' പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആഹ്വാനവുമായി സൈന്യം രംഗത്തെത്തി. ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം.

ദില്ലി: നേപ്പാളിൽ 'ജെൻസി' പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. സമധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. നേപ്പാള്‍ അതിര്‍ത്തിയിൽ കര്‍ശന നിരീക്ഷണത്തിനും കേന്ദ്രം നിര്‍ദേശം നൽകി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് അതിര്‍ത്തികളിൽ നിരീക്ഷണം നടത്തും. അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നിരീക്ഷണം നടത്താൻ നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

നേപ്പാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. അക്രമം ഹൃദയഭേദകമെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സമാധാനത്തിന് ആഹ്വാനം നൽകി നേപ്പാളിയിലാണ് മോദി എക്സിൽ കുറിച്ചത്. നേപ്പാളിൽ കലാപം രൂക്ഷമായി തുടരുകയാണ്. 'ജെൻ സി' പ്രക്ഷോഭകാരികൾ ഇന്നലെ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിനും പാര്‍ലമെന്‍റ് മന്ദിരത്തിനും സുപ്രീം കോടതിക്കും തീയിട്ടിരുന്നു. നേപ്പാള്‍ മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്‍റെ വീടിനാണ് തീയിട്ടത്. വീടിനുള്ളിലുണ്ടായിരുന്ന ഖനാലിന്‍റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ വെന്തു മരിച്ചു. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.

പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിഷേധം കത്തിപ്പടർന്നതോടെ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും പ്രക്ഷോഭം തെരുവിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇന്നലെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ച് കാഠ്മണ്ഡു വിട്ടിരുന്നു. 

YouTube video player