നേപ്പാളിൽ വീണ്ടും ജെൻസീ പ്രക്ഷോഭം. പൊലീസ് നടപടിയിൽ ബൈക്ക് ടാക്സി ഡ്രൈവറായ 25-കാരന്റെ ആത്മഹത്യചെയ്തതും സർക്കാരിന്റെ ചേരി ഒഴിപ്പിക്കലുമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ നേപ്പാളിൽ വീണ്ടും യുവാക്കൾ തെരുവിലിറങ്ങി.

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ജെൻസീ പ്രക്ഷോഭം. പൊലീസ് നടപടിയിൽ ബൈക്ക് ടാക്സി ഡ്രൈവറായ 25-കാരന്റെ ആത്മഹത്യചെയ്തതും സർക്കാരിന്റെ ചേരി ഒഴിപ്പിക്കലുമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ നേപ്പാളിൽ വീണ്ടും യുവാക്കൾ തെരുവിലിറങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തേ ജെൻസീ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പിലാണ് നിലവിലെ പ്രധാനമന്ത്രിയായ ബലേന്ദ്ര ഷാ അധികാരത്തിലെത്തിയത്. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം അതേ യുവാക്കൾ ഇന്ന് അദ്ദേഹം നയിക്കുന്ന സർക്കാരിനെതിരേയും തിരിഞ്ഞിരിക്കുകയാണ്.

​​ഗണേഷ് നേപാളി എന്ന 25-കാരൻ സ്വയം തീകൊളുത്തി മരിച്ച സംഭവമാണ് നേപ്പാളിലെ പുതിയ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. ബൈക്ക് ടാക്സി ഡ്രൈവറായ ​ഗണേഷ് നേപ്പാളിയെ പൊലീസ് പിടികൂടി കനത്ത പിഴയിട്ടെന്നും ബൈക്ക് പിടിച്ചുവെച്ചെന്നുമാണ് വിവരം. പൊലീസുകാർ ബൈക്കിന്റെ ചക്രം ലോക്ക് ചെയ്തതിന് പിന്നാലെ ​ഗണേഷ് നേപ്പാളി പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ​ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു.

​ഗണേഷ് നേപ്പാളിയുടെ ആത്മഹത്യാവാർത്ത പുറത്തുവന്നതോടെയാണ് സർക്കാരിനെതിരേയും പൊലീസിനെതിരേയും രോഷം ശക്തമായത്. ഇതോടൊപ്പം സർക്കാരിന്റെ ചേരികൾ ഒഴിപ്പിക്കുന്ന നടപടികളും ഇവിടെയുണ്ടായിരുന്നവർക്ക് വാസസ്ഥലം നഷ്ടപ്പെട്ടതും പ്രതിഷേധത്തിന് ആക്കംക്കൂട്ടി. ഞായറാഴ്ച നൂറുക്കണക്കിന് യുവാക്കളാണ് സർക്കാരിനെതിരേ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കാഠ്മണ്ഡുവിലെ സിം​ഗ്ദർബാർ സെക്രട്ടേറിയേറ്റിന് പുറത്ത് തടിച്ചുകൂടിയ യുവാക്കൾ 'പാവങ്ങൾക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കുക', മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി.

അതിനിടെ, പ്രതിഷേധിച്ച യുവാക്കൾക്കെതിരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും പരിക്കേറ്റതും വീണ്ടും പ്രതിഷേധത്തിനിടയാക്കി. നേപ്പാൾ കോൺ​ഗ്രസ് പ്രസിഡന്റ് ​ഗ​ഗൻകുമാർ താപ ഉൾപ്പെടെയുള്ളവർ പൊലീസ് നടപടിക്കെതിരേ രം​ഗത്തെത്തി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. യുവാക്കളുടെ പ്രതിഷേധവും പൊലീസ് നടപടിയും ചർച്ചയായതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി സുദാർ ​ഗുരും​ഗ് പാർലമെന്റിൽ അറിയിച്ചു. യുവാവിന് പിഴയിട്ടത് തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള മുനിസിപ്പൽ പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിൽ അലയടിച്ച ജെൻസീ പ്രക്ഷോഭത്തിൽ കെ.പി. ശർമ ഒലി രാജിവെച്ചതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ബലേന്ദ്ര ഷാ അധികാരത്തിലെത്തിയത്. എന്നാൽ, ബലേന്ദ്ര ഷാ സർക്കാർ ട്രാഫിക് നിയമലം​ഘനങ്ങൾക്ക് അമിതമായ പിഴ ഈടാക്കുന്നതായി നേരത്തേ തന്നെ വിമർശനമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് പിഴയിട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവവുമുണ്ടായത്.