Asianet News MalayalamAsianet News Malayalam

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി

കഴിഞ്ഞ ഡിസംബര്‍ 20 ഓടെയാണ് നേപ്പാളില്‍ വലിയതോതില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ചൈനീസ് അനുകൂലിയായി അറിയപ്പെടുന്ന ഓലി ഭരണകക്ഷിയെ അത്ഭുതപ്പെടുത്തി 275 അംഗ നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിച്ചു. 

Nepal PM KP Sharma Oli Expelled from Ruling Party by Prachanda Nepal Faction
Author
Kathmandu, First Published Jan 24, 2021, 9:51 PM IST

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലിയെ ഭരണകക്ഷി നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗം ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഓലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായി നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം അറിയിച്ചു. 

വിമത വിഭാഗത്തിന്‍റെ വക്താവ് നാരായണ്‍ കാജി ഷെരസ്ത്ര, ഓലിയെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും നീക്കം ചെയ്തതായി അറിയിച്ചു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി പ്രജണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യം. അതേ സമയം നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്തായ ഓലി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈജ് മാര്‍ക്സിറ്റ് ലെനിസ്റ്റ്) എന്ന പാര്‍ട്ടി പുനര്‍ജ്ജീവിപ്പിക്കും എന്നാണ് സൂചനകള്‍.

കഴിഞ്ഞ ഡിസംബര്‍ 20 ഓടെയാണ് നേപ്പാളില്‍ വലിയതോതില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ചൈനീസ് അനുകൂലിയായി അറിയപ്പെടുന്ന ഓലി ഭരണകക്ഷിയെ അത്ഭുതപ്പെടുത്തി 275 അംഗ നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിച്ചു. ഇത് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ തര്‍ക്കത്തിന് കാരണമാക്കി.

ഇതിന് പിന്നാലെ നേപ്പാള്‍ രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരി നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടുകയും ഏപ്രില്‍ 30നും, മെയ് 10 നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പ്രചണ്ഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് ഓലിക്കെതിരെ നീങ്ങാന്‍ പ്രേരണയായി. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ചെയര്‍മാന്മാരായിരുന്നു പ്രചണ്ഡയും ഓലിയും.

ഓലിക്കെതിരെ ഒരു വിഭാഗം എംപിമാരെ മുന്‍നിര്‍ത്തി അവിശ്വസ പ്രമേയം കൊണ്ടുവരാനുള്ള പ്രചണ്ഡയുടെ നീക്കത്തെ തുടര്‍ന്നാണ് അടിയന്തരമായി ഓലി പാര്‍ലമെന്‍റ്  പിരിച്ചുവിട്ടത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിക്കെതിരെ ഇംപീച്ച് നടപടികള്‍ ആലോചിക്കാനും പ്രചണ്ഡ വിഭാഗം തയ്യാറെടുത്തിരുന്നു എന്നാണ് വിവരം. 

ഒലി നേതൃത്വം നല്‍കുന്ന സിപിഎന്‍ യുഎംഎല്‍, പ്രചണ്ഡ നേതൃത്വം നല്‍കുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) എന്നീ പാര്‍ട്ടികള്‍ മെയ് 2018ലാണ് തമ്മില്‍ ലയിച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാകുന്നത്. 2017 ല്‍ ഇരുപാര്‍ട്ടികളും മുന്നണിയായി മത്സരിച്ച് നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. അതേ സമയം നേപ്പാളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും. ഇത് നേപ്പാളിന്‍റെ ആഭ്യന്തര പ്രശ്നങ്ങളാണ് എന്ന നിലപാടിലാണ് ഇന്ത്യ.

Follow Us:
Download App:
  • android
  • ios