പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച് നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിര്‍ത്തിയത്. യോഗാചാര്യന്‍ ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ്  സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്.

1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. കൊറോണില്‍ കിറ്റിലുള്ള മൂക്കിലൂടെ ഉപയോഗിക്കുന്ന നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടുത്തിടെ കൊറോണിലിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പ്രസ്താവനകളും നേപ്പാളിന്‍റെ തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഭൂട്ടാന് പിന്നാലെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവയ്ക്കുന്ന രാജ്യമാണ് നേപ്പാള്‍.

പതഞ്ജലി ഗ്രൂപ്പുമായി ഏറം ബന്ധമുള്ള രാജ്യമാണ് നേപ്പാള്‍. വലിയ നിര്‍മ്മാണ യൂണിറ്റുകളും വിതരണ സംവിധാനവും പതഞ്ജലിക്ക് നേപ്പാളിലുണ്ട്. ഒരു പ്രത്യേക ബാച്ച് കൊറോണില്‍ കിറ്റിനാണോ വിലക്ക് എന്നത് ഇനിയും വ്യക്തമായിട്ടില്ല. തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനം രാജ്യത്ത് വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്. മുന്‍ ആരോഗ്യമന്ത്രിയായിരുന്ന ഹൃദ്യേഷ് ത്രിപാഠിയുടെ ഭരണസമയത്താണ് പതഞ്ജലിയുടെ കൊറോണില്‍ കിറ്റുകള്‍ നേപ്പാളിന് ലഭിക്കുന്നത്.

ഒലി സര്‍ക്കാരിന്‍റെ രാഷ്ട്രീയ തീരുമാനമാണ് കൊറോണില്‍ കിറ്റിന്‍റ് വിലക്കിന് പിന്നിലെന്നും ആരോപണമുണ്ട്. പത്ഞ്ജലി ഗ്രൂപ്പുമായി മുന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജൂലി മഹതോയ്ക്കുള്ള ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിന് ഒലി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷണം. 2016ലാണ് നേപ്പാളിലെ ബിര്‍ഗുഞ്ചില്‍ പതഞ്ജലിയുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ജൂലി മഹതോയുടെ സഹോദരന്‍ ഉപേന്ദ്ര മഹതോയുടെ പങ്കാളിത്തതോടെയായിരുന്നു ഇത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona