ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹൂ
ടെഹ്റാൻ: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹൂ. ബഹദ് 1 സൈനിക അക്കാദമിയിൽ നടന്ന ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നതന്യാഹൂ ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖംനഇ തന്റെ മുൻഗാമികളുടെ പാത പിന്തുടർന്ന് ആണവായുധ നിർമാണത്തിനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്ന് നതന്യാഹൂ ആരോപിച്ചു. ഈ ഭീഷണി പൂർണ്ണമായി ചെറുക്കുന്നതിന് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നടപടികൾക്ക് ഇസ്രയേൽ പ്രതിരോധ സേനയ്ക്കും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേഖലയിൽ യുദ്ധസാഹചര്യവും അമേരിക്കയുമായുള്ള സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖംനഇ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. നിലവിലെ സൈനിക, സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിന്റെ സുരക്ഷാ പ്ലാനുകളും ഇരുവരും ചർച്ച ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസും ഇസ്രയേലുമായി നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ, നയതന്ത്ര ചർച്ചകൾക്കും അതേസമയം തന്നെ സ്വയം പ്രതിരോധത്തിനും രാജ്യം സജ്ജമാണെന്നാണ് ഇറാന്റെ നിലപാട്.


