ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യയിലിരുന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ബംഗ്ലാദേശ് ഉന്നയിച്ചപ്പോൾ, ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് പിന്തുണ അറിയിക്കുകയും ചെയ്തു.

ദില്ലി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് അലങ്കോലമാക്കാനടക്കമുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോ​ഗിക്കാൻ ഇന്ത്യ അനുവദിക്കുന്നുവെന്ന ബം​ഗ്ലാദേശിന്റെ ആരോപണത്തിൽ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെ രാജ്യംവിട്ട രാഷ്ട്രീയ നേതാക്കൾ ബം​ഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബം​ഗ്ലാദേശ് വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യ മറുപടി നൽകിയത്. ബം​ഗ്ലാദേശിന്റെ ആരോപണങ്ങൾ നിരസിച്ച ഇന്ത്യ, ബംഗ്ലാദേശ് ജനതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഒരിക്കലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയുടെ തുടർച്ചയായ പരസ്യ പ്രസ്താവനകളിൽ ഇടക്കാല സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രാജ്യത്തിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബം​ഗ്ലാദേശ് ആരോപിച്ചു.

ബംഗ്ലാദേശിലെ ജുഡീഷ്യൽ അധികാരികൾ വിധിച്ച ശിക്ഷകൾ നേരിടുന്നതിനായി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും കൈമാറണമെന്ന ആവശ്യം ബം​ഗ്ലാദേശ് ആവർത്തിച്ചു. ഇന്ത്യയിൽ താമസിക്കുന്ന ഒളിച്ചോടിയ അവാമി ലീഗ് നേതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിനുള്ളിൽ അക്രമം ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്തതായി ആരോപിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ കൈമാറുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ധാക്ക-8 നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഷെരീഫ് ഒസ്മാൻ ഹാദിയെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത് തടയുന്നതിൽ ഇന്ത്യയുടെ സഹകരണവും തേടി. സംശയിക്കപ്പെടുന്നവരിൽ ആരെങ്കിലും ഇന്ത്യയിലേക്ക് കടന്നാൽ, അവരെ പിടികൂടി ഉടൻ കൈമാറണമെന്ന് ബം​ഗ്ലാദേശ് അഭ്യർത്ഥിച്ചു. അതേസമയം, ഇന്ത്യ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തിൽ ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അനുകൂലമായ നിലപാട് ഞങ്ങൾ നിരന്തരം ആവർത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ യോഗത്തിൽ അറിയിക്കുകയും, ഇക്കാര്യത്തിൽ സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.