കുറ്റിക്കാടിനിടയില്‍ നിന്ന് കരച്ചില്‍ കേട്ടെത്തിയ വഴിയാത്രക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്.
വാഷിങ്ടണ്‍: ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി. കുഞ്ഞിന് ബേബി ഇന്ത്യ എന്നാണ് പൊലീസ് പേര് നല്‍കിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിനായി കുഞ്ഞിന്‍റെ വീഡിയോ യു എസ് പൊലീസ് പുറത്തുവിട്ടിരുന്നു.
ജൂണ്‍ ആറിനാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുറ്റിക്കാടിനിടയില്‍ നിന്ന് കരച്ചില്‍ കേട്ടെത്തിയ വഴിയാത്രക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് കണ്ടെത്തുമ്പോള്‍ കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ച് മാറ്റിയിട്ടില്ലായിരുന്നു. പ്ലാസ്റ്റിക് കവര്‍ കീറി കുഞ്ഞിനെ പുറത്തെടുത്ത ശേഷം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തുന്നതിന്‍റെയും പരിചരിക്കുന്നതിന്‍റെയും വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ അമ്മയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കാനാണ് ഇത്തരത്തില്‍ വീഡിയോ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ദത്തെടുക്കാന്‍ നിരവധി പേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
