2023 ഡിസംബര്‍ മുതല്‍ ചെറിയ കെട്ടിടങ്ങളില്‍ പ്രകൃതിവാതകത്തിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് നിലയോ അതിലധികമോ ഉള്ള കെട്ടിടങ്ങളില്‍ 2027മുതലാവും നിയന്ത്രണം ബാധകമാവുക

പുതിയ കെട്ടിടങ്ങളില്‍ പ്രകൃതിവാതകത്തിന്(Natural gas) വിലക്കുമായി ന്യൂയോര്‍ക്ക് നഗരം (New York Cit). ന്യൂയോര്‍ക്ക് നഗരത്തിന്‍റെ കാര്‍ബണ്‍ പുറംതള്ളലില്‍ (Carbon Emission) വലിയ ചുവടുവയ്പായാണ് നീക്കത്തെ നിരീക്ഷിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. പുതിയ മാനദണ്ഡത്തിന് ന്യൂയോര്‍ക്ക് നഗര കൌണ്‍സിലിന്‍റെ അംഗീകാരവും ലഭിച്ചു. 2023 ഡിസംബര്‍ മുതല്‍ ചെറിയ കെട്ടിടങ്ങളില്‍ പ്രകൃതിവാതകത്തിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഏഴ് നിലയോ അതിലധികമോ ഉള്ള കെട്ടിടങ്ങളില്‍ 2027മുതലാവും നിയന്ത്രണം ബാധകമാവുക. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റൌ, റൂം ഹീറ്ററുകള്‍, വാട്ടര്‍ ബോയിലറുകള്‍ എന്നിവ ഇനി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ ഉപയോഗിക്കാനാവില്ല. കെട്ടിടങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളലില്‍ അമേരിക്കയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ന്യൂയോര്‍ക്കുള്ളത്. ഈ സ്ഥിതിക്ക് പുതിയ നീക്കത്തിലൂടെ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാനത്തില്‍ എല്ലാക്കാലവും വെല്ലുവിളി ആയിട്ടുള്ളതാണ് കെട്ടിടങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറം തള്ളല്‍.

വ്യാവസായികവും ഗാര്‍ഹികവുമായ കെട്ടിടങ്ങളില്‍ നിന്ന് 6.6 ബില്യണ്‍ മെട്രിക് ടണ്‍ ഹരിത ഗേഹ വാതകങ്ങളാണ് ഓരോ വര്‍ഷവും അമേരിക്കയില്‍ പുറം തള്ളുന്നത്. എന്നാല്‍ 8.4 മില്യണ്‍ ആളുകള് താമസമുള്ള ന്യൂയോര്‍ക്കില്‍ ഇത് നഗരത്തിലെ കാര്‍ബണ്‍ പുറം തള്ളലിന്‍റെ 70 ശതമാനമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് നിയന്ത്രണത്തിനുള്ള തീരുമാനം എത്തുന്നത്.

അമേരിക്കയിലെ 60 നഗരങ്ങള്‍ ഇതിനോടകം ഈ നയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നഗരങ്ങളും ഇതേ പാതയിലുമാണ്. കാലാവസ്ഥയ്ക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഒന്നുപോലെ നല്ലതാണ് തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.