ഐസിസി അറസ്റ്റ് വാറണ്ട് നേരിടുന്ന നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഹേഗിലെ കോടതിയിലാണെന്നും മംദാനി പറഞ്ഞു. ഈ നീക്കം ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ഇസ്രയേലിനോടുള്ള മാറുന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

ന്യൂയോർക്ക്: ന്യൂയോർക്ക് സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നഗരത്തിലെ അധികൃതരുമായി ആലോചിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. വരാനിരിക്കുന്ന സെപ്റ്റംബറിൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സമ്മേളനത്തിനായി നെതന്യാഹു നഗരത്തിൽ എത്തിയാൽ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിയമവകുപ്പുമായി ചർച്ചകൾ നടക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലാണ് ഉണ്ടാകേണ്ടതെന്നാണ് തന്റെ വിശ്വാസമെന്ന് ന്യൂയോർക്ക് ടൈംസിന് നിയാഴ്ച നൽകിയ അഭിമുഖത്തിൽ മേയർ സോഹ്‌റാൻ മംദാനി ആവർത്തിച്ചു. ഗാസയിലെ സൈനിക നടപടികളിൽ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും, കഴിഞ്ഞ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പലരും ഇതേ അഭിപ്രായം തന്നെയാണ് പുലർത്തുന്നതെന്നും മംദാനി വ്യക്തമാക്കി.

തന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ, നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പലസ്തീൻ അനുകൂലിയായ സോഹ്‌റാൻ മംദാനി പ്രതിജ്ഞയെടുത്തിരുന്നു. ഇതിന്റെ സാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്, നെതന്യാഹു നഗരത്തിൽ എത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തനിക്ക് അധികാരമുണ്ടോ എന്നതിനെക്കുറിച്ച് നഗരത്തിലെ നിയമവകുപ്പുമായി സജീവമായ ചർച്ചയിലാണെന്ന് മേയർ വെളിപ്പെടുത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ നിയമങ്ങൾ അനുവദിക്കുന്ന എന്തും തങ്ങൾ ചെയ്യുമെന്നും എന്നാൽ അതിനായി സ്വന്തം നിലയ്ക്ക് നിയമങ്ങൾ നിർമ്മിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ പ്രതികരണം

അറസ്റ്റ് ചെയ്യാനുള്ള മംദാനിയുടെ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മംദാനി രഹസ്യമായി അമേരിക്കയെ വെറുക്കുന്നു എന്നാണ് കരുതുന്നതെന്ന് റേഡിയോ അവതാരകനായ സിഡ് റോസൻബെർഗ്ഗോട് നെതന്യാഹു പ്രതികരിച്ചു. അറസ്റ്റ് ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യുഎൻജിഎ സമ്മേളനത്തിൽ നെതന്യാഹു പങ്കെടുക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡാനോനും വ്യക്തമാക്കി. പ്രചാരണ വേളയിൽ മംദാനി കടുത്ത ഇസ്ലാമോഫോബിക് ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരുന്നു. റോസൻബെർഗ്ഗ് അദ്ദേഹത്തെ പാറ്റ എന്ന് വിളിച്ചെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

മംദാനിയുടെ മേയർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പും നെതന്യാഹുവിനെതിരെയുള്ള കടുത്ത നിലപാടുകളും ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ വന്ന വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. മെയ് മാസത്തിൽ നടന്ന ഒരു സർവേ പ്രകാരം മുക്കാൽ ഭാഗത്തോളം ഡെമോക്രാറ്റിക് വോട്ടർമാരും ഇസ്രയേലിനുള്ള യുഎസ് സഹായത്തെ എതിർക്കുന്നു. ഇസ്രയേലിന്റെ ഗാസയിലെ യുദ്ധത്തെ വംശഹത്യ എന്ന് മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും വിശേഷിപ്പിക്കുമ്പോൾ, തങ്ങളുടെ പാർട്ടി ഇസ്രയേലിനെ അമിതമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് പകുതിയോളം വോട്ടർമാരുടെ അഭിപ്രായം. ഇതിന്റെ പ്രതിഫലനമെന്നോണം, ഈ ആഴ്ച ആദ്യം നടന്ന വോട്ടെടുപ്പിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ പകുതിയോളം ഡെമോക്രാറ്റിക് അംഗങ്ങൾ ഇസ്രയേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് രേഖപ്പെടുത്തി.