ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ വെടിവെപ്പുണ്ടായതിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍റില്‍ തോക്ക് നിയമങ്ങള്‍ മാറ്റി. തോക്കുകള്‍ വാങ്ങുന്നതില്‍ കര്‍ശന നിയമം കൊണ്ടുവരുന്നതിന് കഴിഞ്ഞ മാര്‍ച്ച് 18ന് ചേര്‍ന്ന ക്യാബിനറ്റ് അനുമതി നല്‍കിയിരുന്നു. ക്രൈസ്റ്റ് ചര്‍ച്ച് മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്‍റെ പാശ്ചാത്തലത്തില്‍ സെമി ഓട്ടോമാറ്റിക്ക് അസാള്‍ട്ട് റൈഫിള്‍ വില്‍പ്പന നിരോധിച്ചതായി പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ പ്രഖ്യാപിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ വെടിവെപ്പുണ്ടായതിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ പ്രതി ബ്രെന്റണ്‍ ടെറന്റ് ഉപയോഗിച്ച മിലിറ്ററി മോഡല്‍ തോക്കുകള്‍ ഉപയോഗിക്കുന്നത് നിലവിലെ നിയമപ്രകാരം നിയമവിരുദ്ധമല്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ നിരോധനം വന്നിരിക്കുന്നത്. 

1.5 മില്യണ്‍ ആളുകള്‍ക്കാണ് ന്യൂന്സിലാന്റില്‍ തോക്ക് ലൈസന്‍സ് ഉള്ളത്.16-18 വയസുള്ളവര്‍ക്ക് നിലവില്‍ തോക്ക് ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇവര്‍ക്ക് മിലിട്ടറി മോഡല്‍ ഓട്ടോമാറ്റിക് തോക്ക് സ്വന്തമാക്കാം എന്നായിരുന്നു ഇപ്പോഴത്തെ രീതി. അതില്‍ മാറ്റം വരും. ലൈസന്‍സുള്ള പലരും തങ്ങളുടെ തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലയെന്നത് വലിയ അപകടമാണ്. ലൈസന്‍സ് നല്‍കുന്നവരുടെ ക്രിമിനല്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പൊലീസ് പരിശോധിക്കേണ്ടതുണ്ട്. ഒരിക്കല്‍ ലൈസന്‍സ് നേടിയാല്‍ എത്ര തോക്കുകള്‍ വാങ്ങിക്കൂട്ടുന്നതിനും അവര്‍ക്ക് യാതൊരു തടസവും ഇല്ലായിരുന്നു. 

ഇതിന് മുമ്പ് തോക്ക് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളെല്ലാം ഗണ്‍ ലോബിയുടെ ഇടപെടല്‍ മൂലം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പൗരന്മാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമത്തില്‍ മാറ്റം വരുത്താനാണ് കിവീസ് സര്‍ക്കാറിന്‍റെ തീരുമാനം.