ക്രൈസ്റ്റ്ചര്‍ച്ച്: രണ്ട് മുസ്ലിം പള്ളികളില്‍ വെടിവെച്ചതിന് ശേഷം മൂന്നാമത്തെ പള്ളിയും ലക്ഷ്യമിട്ടിരുന്നതായി ന്യൂസിലാന്‍ഡിലെ കൊലയാളി കോടതിയില്‍. സാധ്യമാകുന്ന അത്രയും പേരെ കൊല്ലുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും  വംശീയ വാദിയായ ഇയാള്‍ പറഞ്ഞു. ഇയാളുടെ ശിക്ഷാ വിചാരണക്കിടെയായിരുന്നു തുറന്ന് പറച്ചില്‍. 

51 പേരെ കൊലപ്പെടുത്തിയ കുറ്റവും 40 പേരെ വധിക്കാന്‍ ശ്രമിച്ചതും ഭീകരവാദക്കുറ്റവുമാണ് 29 കാരനായ ഓസ്‌ട്രേലിയക്കാരന്‍ ബ്രെന്റന്‍ ടാറന്റിനെതിരെ ചുമത്തിയത്. പരോള്‍ ഇല്ലാതെ ആജീവാനന്ത തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. ന്യൂസിലാന്‍ഡില്‍ ഈ ശിക്ഷ ആദ്യമായാണ് ഒരു കുറ്റവാളിക്ക് വിധിക്കുന്നത്. 
ഇയാളുടെ ആക്രമണത്തെ അതിജീവിച്ചവരുടെയും ഇരകളുടെ ബന്ധുക്കളുടെയും മുന്നില്‍ ഭാവ വ്യത്യാസമോ കുറ്റബോധമോ ഇല്ലാതെയാണ് കുറ്റവാളി എത്തിയത്.

2019ലാണ് ലോകത്തെ നടുക്കി ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികള്‍ക്കു നേരെ ആക്രമണമുണ്ടായത്. ആയുധധാരിയായ കൊലയാളി ഫേസ്ബുക്ക് ലൈവ് ഓണാക്കിയ ശേഷമാണ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നേരെ വെടിവെച്ചത്. ആദ്യം അല്‍നൂര്‍ മോസ്‌ക്കിലും പിന്നീട് ലിന്‍വുഡ് മോസ്‌ക്കിലുമാണ് ആക്രമണം നടത്തിയത്. ആകെ 51 പേര്‍ മരിച്ചു. മുസ്ലീങ്ങളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന്റെ കാരണമെന്ന് കൊലയാളി പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ആര്‍ക്കും പ്രവേശനമുണ്ടായില്ല. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ വഴി ശിക്ഷ വിധിക്കുന്നത് കണ്ടത്.  

കൃത്യമായ ആസൂത്രണത്തോടെയാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പേ പ്രതി ക്രൈസ്റ്റ്ചര്‍ച്ചിലെത്തി. അല്‍നൂര്‍ പള്ളിക്ക് മുകളില്‍ ഡ്രോണ്‍ പറത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അഷ്ബര്‍ട്ടന്‍ പള്ളിയായിരുന്നു മൂന്നാമതായി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പേ പിടിക്കപ്പെട്ടതിനാല്‍ നീക്കം പാളിയെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ആക്രമണ ശേഷം പള്ളി കത്തിക്കാനും ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ടാറന്റ് അഭിഭാഷകനില്ലാതെ ഒറ്റക്കാണ് കോടതിയിലെത്തിയത്. നേരത്തെ ഇയാള്‍ കുറ്റം നിരസിച്ചിരുന്നു.