ബിസി 200-ഓടെ അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ ടൗപോ അഗ്നിപർവ്വതം അന്തരീക്ഷത്തിലേക്ക് 100 ക്യുബിക് കിലോമീറ്ററിലധികം ചാരമാണ് പുറംതള്ളിയത്.
ന്യൂസിലൻഡ്: ന്യൂസിലൻഡ് ശാസ്ത്രജ്ഞർ രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള ഒരു അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് വര്‍ദ്ധിപ്പിച്ചു. ഈ തടാകത്തിന് താഴെ ഏതാണ്ട് 700 ഓളം ചെറു ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപര്‍വ്വത സ്ഫോടന മുന്നറിയിപ്പ് പുറത്ത് വിട്ടത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. ഇത് കഴിഞ്ഞ 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനത്തിന് കാരണമായതായി കരുതുന്നു. 700 ഓളം ചെറിയ ഭൂകമ്പങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് അഗ്നിപർവ്വത മുന്നറിയിപ്പ് നില 0-ൽ നിന്ന് 1-ലേക്ക് ഉയർത്തിയതായി ജിയോനെറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അഗ്നിപർവ്വത മുന്നറിയിപ്പ് സംവിധാനം ക്രമമായി വർദ്ധിച്ചുവരുന്ന ആറ് തലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, ഏത് തലത്തിലും സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും പ്രവർത്തനം അതിവേഗം മാറുന്നതിനാൽ ലെവലുകൾ ക്രമത്തിൽ നീങ്ങില്ലെന്നും ജിയോനെറ്റ് ചൂണ്ടിക്കാട്ടി. ബിസി 200-ഓടെ അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ ടൗപോ അഗ്നിപർവ്വതം അന്തരീക്ഷത്തിലേക്ക് 100 ക്യുബിക് കിലോമീറ്ററിലധികം ചാരമാണ് പുറംതള്ളിയത്. മനുഷ്യവാസത്തിന് മുമ്പുള്ള കാലഘട്ടത്തിലുണ്ടായ ഈ സ്ഫോടനം ന്യൂസിലൻഡിന്‍റെ മധ്യ-വടക്കന്‍ ഭാഗത്തെ ഒരു വലിയ പ്രദേശം തന്നെ നശിപ്പിച്ചതായി കരുതുന്നു.
എന്നാല്‍, ഇത് ആദ്യമായല്ല അഗ്നിപര്‍വ്വത മുന്നറിയിപ്പ് 1 ലേക്ക് ഉയര്‍ത്തുന്നത്. ലെവല്‍ ഉയര്‍ത്തിയെങ്കിലും പൊട്ടിത്തെറിയുടെ സാധ്യത വളരെ കുറവാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഭൂകമ്പങ്ങള്‍ വരുന്ന ആഴ്ചകളിലും ചിലപ്പോള്‍ മാസങ്ങളോളവും തുടരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പസഫിക്, ഓസ്‌ട്രേലിയൻ ടെക്‌റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള അതിർത്തിയിലാണ് ന്യൂസിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് സ്ഥിരമായ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും അനുഭവപ്പെടാറുണ്ട്. 2019-ൽ, വക്കാരി എന്നറിയപ്പെടുന്ന വൈറ്റ് ഐലൻഡ്, പെട്ടെന്ന് പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് ധാരാളം നീരാവിയും ചാരവും പുറന്തള്ളപ്പെട്ടിരുന്നു. ഈ അപകടത്തില്‍ 22 പേർ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
