വെല്ലിംഗ്ടണ്‍: മുന്‍ സ്റ്റാഫുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍. ഇമിഗ്രേഷന്‍ മന്ത്രി ലെയ്ന്‍ ലീസ് ഗാലോവെയെയാണ് പുറത്താക്കിയത്. സര്‍ക്കാര്‍ സംഘടനയില്‍ ജോലി ചെയ്തിരുന്ന മുന്‍ ഓഫീസ് സ്റ്റാഫുമായി മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെസീന്ത ക്യാബിനറ്റ് മന്ത്രിയെ പുറത്താക്കിയത്. 

മന്ത്രിയെന്ന നിലയില്‍ ജോലി സ്ഥലത്തെ ബന്ധങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന നിര്‍ദേശം മന്ത്രി പാലിച്ചില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷമായിട്ടും കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് അദ്ദേഹം തന്റെ ഓഫീസ് ദുരുപയോഗപ്പെടുത്തി എന്ന ആരോപണത്തിന് അദ്ദേഹം തന്നെ വഴിതുറന്നു. അദ്ദേഹത്തിന്റെ ബന്ധത്തിലെ ധാര്‍മിക അളക്കാന്‍ താന്‍ ആളല്ല. എന്നാല്‍, ഒരു ജോലി സ്ഥലത്ത് മന്ത്രിയെന്ന നിലയില്‍ പുലര്‍ത്തേണ്ട സംസ്‌കാരം അദ്ദേഹം കാത്തുസൂക്ഷിച്ചില്ല-ജെസീന്ത ആന്‍ഡേണ്‍ പറഞ്ഞു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ആരോപണവിധേയനായ മന്ത്രി. 

പ്രതിപക്ഷ നേതാവ് ജൂഡിത് കോളിന്‍സാണ് മന്ത്രി ഓഫീസ് ദുരുപയോഗം ചെയ്ത് മുന്‍ സ്റ്റാഫുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാനാണ് ജെസീന്ത പെട്ടെന്ന് നടപടി സ്വീകരിച്ചത്.