ദില്ലി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇന്ത്യവിട്ട ആള്‍ ദൈവം നിത്യാനന്ദ ഇക്വഡോറിലുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ ഇക്വഡോര്‍ എംബസി. നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി കൈലാസം എന്ന പേരില്‍ പുതിയ രാജ്യമുണ്ടാക്കി എന്നതായിരുന്നു രണ്ട് ദിവസമായി പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇതാണ് ഇപ്പോള്‍ ഇക്വഡോര്‍ എംബസി നിഷേധിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമം ദ ന്യൂസ് മിനുട്ടിനോട് സംസാരിച്ച ഇക്വഡോര്‍ എംബസി വൃത്തങ്ങള്‍ നിത്യാനന്ദ ഇക്വഡോറിലുണ്ടെന്ന വാര്‍ത്ത നിഷേധിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വിശദമായ പ്രസ്താവനയും ദില്ലിയിലെ ഇക്വഡോര്‍ എംബസി നല്‍കി. ഇക്വഡോര്‍ വ്യക്തമാക്കുന്നത് ഇതാണ്.

ഇക്വഡോറിന്‍റെ തീരത്തോ സമീപത്തോ ഒരു തരത്തിലുള്ള ഭൂമി വാങ്ങുവാനോ, രാഷ്ട്രീയ അഭയം നല്‍കാനോ ഇക്വഡോര്‍ സര്‍ക്കാര്‍ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഒരു സഹായവും നല്‍കിയില്ല. ഇക്വഡോറില്‍ അഭയാര്‍ത്ഥിയായി അഭയം നല്‍കില്ല എന്ന് വ്യക്തമായതോടെ നിത്യാനന്ദ ഹെയ്ത്തിയിലേക്ക് കടന്നുവെന്നാണ് ഇക്വഡോര്‍ പറയുന്നത്. 

ഇക്വഡോറിലാണ് നിത്യാനന്ദ എന്ന വാര്‍ത്ത വന്നത് തന്നെ നിത്യാനന്ദ അനുകൂലികള്‍ തന്നെ രൂപം നല്‍കിയ കൈലാസം എന്ന സൈറ്റിലെ വാര്‍ത്തകള്‍ വച്ചാണ്. ഇത് ശരിയല്ലെന്നും ഇത്തരം വിവരങ്ങള്‍ ശരിയല്ലെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നും എംബസി ആവശ്യപ്പെടുന്നു.

അതേ സമയം നിത്യാനന്ദ ഹെയ്ത്തിയില്‍ അല്ല കരീബിയന്‍ ദ്വീപ് സമൂഹമായ ട്രിനിഡ് ആന്‍റ് ടുബാഗോയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ചില ദിവസങ്ങളായി ചില നിത്യാനന്ദ ഭക്തര്‍ സിംഗപ്പൂര്‍ വഴി ഈ കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലേക്ക് എത്തിയതാണ് ഇത്തരം ഒരു സംശയം ഉയരുന്നത്. 

അതേ സമയം നിത്യാനന്ദ എങ്ങനെ ഇന്ത്യവിട്ടു എന്നത് ഇപ്പോഴും സംശയത്തിലാണ്. 2018 മധ്യത്തോടെ നിത്യാനന്ദ രാജ്യത്തില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ വിവിധ പീഡന കേസുകള്‍ വിചാരണയിലും അന്വേഷണത്തിലും നില്‍ക്കുമ്പോഴായിരുന്നു ഇയാളുടെ തിരോധാനം. നേരത്തെ നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്‍റെ കാലവധി തീര്‍ന്നതിനാല്‍ ഇയാള്‍ക്ക് ഇന്ത്യയില്‍ നിന്നും പുറത്ത് എത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ ഇയാള്‍ നേപ്പാള്‍ വഴിയാണ് ഇക്വഡോറിലേക്കും പിന്നീട് കരീബിയന്‍ ദ്വീപിലേക്കും കടന്നത് എന്നാണ് സൂചന. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആവശ്യമില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യമാണ് നേപ്പാള്‍. അവിടുത്തേക്ക് റോഡ് മാര്‍ഗം എത്തിയ നിത്യാനന്ദ അവിടെ നിന്നും വ്യാജ വെനീസ്വലേന്‍ പാസ്പോര്ട്ട് വഴിയാണ് ഇക്വഡോറിലേക്ക് കടന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.