പോഗ്യാംഗ്: ഉത്തരകൊറിയയില്‍ ഇതുവരെ ഒറ്റ കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. മിലിട്ടറി പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉന്‍ ഇക്കാര്യം ആവര്‍ത്തിച്ചതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഉത്തരകൊറിയ. ജനുവരി മുതല്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരിക്കുകയാണ്.

ലോകമാകെ കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും ഇതുവരെ കൊവിഡ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. അതേസമയം, കൊവിഡ് ബാധിച്ചവരെ വെടിവെച്ച് കൊല്ലുകയാണെന്ന് ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റര്‍ പരിധി പ്രത്യേക മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നവരെ വെടിവെക്കാന്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഉത്തരവ് നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.