ജെനീവ: നിലവില്‍ കണ്ടെത്തിയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കൊറോണ വൈറസ് ഒരു പരീക്ഷണത്തിന്‍റെയോ ലബോറട്ടറിയുടെയോ സൃഷ്ടിയല്ലെന്ന് ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒ വക്താവ് ഫഡേല ചെയ്ബ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് വ്യാപിച്ചതെന്ന വാദത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. 

ചൈനീസ് ലബോറട്ടറികളില്‍ നിന്നാണോ കൊറോണവൈറസ് വ്യാപിച്ചതെന്ന് പരിശോധിക്കുമെന്ന് യുഎസ് ഇന്‍റലിജന്‍സും ഗവണ്‍മെന്‍റും വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് ലോകാരോഗ്യസംഘടനാ വക്താവ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ വൈറസിന്‍റെ ഉറവിടം കൃത്യമായി നിര്‍വചിക്കാന്‍ കഴിയില്ല. കയ്യിലുള്ള തെളിവകുള്‍ വച്ച് നോക്കുമ്പോള്‍ വൈറസ് മനുഷ്യസൃഷ്ടിയല്ലെന്നാണ് വ്യക്തമാകുന്നത്. 

വ്വാലുകളില്‍ നിന്നാകാമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് നടക്കുന്ന ഗവേഷകരുടെയും അനുമാനം മറിച്ചല്ല, ഗവേഷണങ്ങള്‍ക്കൊന്നും വൈറസ് ലബോറട്ടറിയുടെ സൃഷ്ടിയാണെന്നതിന്‍റെ സൂചന പോലും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വ്യാജമായ സിദ്ധാന്തങ്ങളിലല്ല  വസ്തുതകളിലാണ് ആളുകള്‍ ശ്രദ്ധിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.