സ്ത്രീകൾ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ പാടില്ല. വളരെ അടുത്ത കുടുംബാംഗമായിരിക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു...

കാബൂൾ: പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ സ്ത്രീകളെ ദൂരയാത്രയ്ക്ക് അനുവദിക്കില്ലെന്ന് താലിബാൻ (Taliban). അഫ്ഗാനിൽ (Afghan) നിന്ന് അടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ട് ദൂരെയ്ക്ക് സ്ത്രീകൾ (Taliban Women) തനിച്ച് പോകാൻ പാടില്ലെന്നും കുടുംബത്തിലെ ഒര പുരുഷ അംഗത്തിനൊപ്പം മാത്രമേ ദൂരെയാത്ര ചെയ്യാൻ പാടുള്ളൂവെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്. 

ഇസ്ലാമിക് വേഷമായ ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രമേ വാഹനങ്ങളിൽ കയറ്റാവൂ എന്നും താലിബാൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സ്ത്രീകൾ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ പാടില്ല. വളരെ അടുത്ത കുടുംബാംഗമായിരിക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. നടിമാർ ഉൾപ്പെടുന്ന സീരിയലുകളും പരിപാടികളും നിർത്തിവയ്ക്കാൻ അഫ്ഗാനിലെ ടെലിവിഷൻ ചാനലുകളോട് മന്ത്രാലയം ഉത്തരവ് നൽകി ആഴ്ചകൾക്കുള്ളിലാണ് ഇത്തരമൊരു ഉത്തരവ് കൂടി പുറത്തിറങ്ങിയിരിക്കുന്നത്. 

മാത്രമല്ല, വാർത്ത അവതരിപ്പിക്കുമ്പോൾ വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിക്കണമെന്നും അഫ്ഗാൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഗാനങ്ങൾ വയ്ക്കാൻ പാടില്ല, യാത്രയിൽ സ്ത്രീകൾ ഹിജാബ് ധരിക്കണം ഇങ്ങനെ പോകുന്നു പുതിയ നിർദ്ദേശങ്ങൾ. ഓഗസ്റ്റിൽ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ശക്തമായ നിയന്ത്രണങ്ങളാണ് താലിബാൻ കൊണ്ടുവന്നത്. സ്കൂളുകൾ തുറന്നെങ്കിലും സെക്കന്ററി വിദ്യാഭ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല.