വാഷിം​ഗ്ടൺ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയും കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല എന്ന് പറഞ്ഞ ട്രംപ് കാലിഫോർണിയ സെനറ്ററായ കമല ഹാരിസ് വളരെ മോശം തീരുമാനം ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു. 

ജോ ബൈഡൻ പ്രസിഡന്റാകുകയാണെങ്കിൽ അമേരിക്കയിലെ പൊലീസ് വകുപ്പിനെ പിരിച്ചുവിടാനുള്ള നിയമം ഉടനടി അദ്ദേഹം പാസ്സാക്കും. അതുപോലെ കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഒരു അബദ്ധ തീരുമാനമാണ്. അവർക്ക് ഇന്ത്യൻ പാരമ്പര്യമാണുള്ളത്. അവർക്കുള്ളതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ എനിക്കൊപ്പമുണ്ട്. സിറ്റി ഓഫ് ന്യൂയോർക്ക് പൊലീസ് ബെനവോളന്റ് അസോസിയേഷൻ അം​ഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ട്രംപ് പറഞ്ഞു. 

പൊലീസിനോട് ശത്രുതാ മനോഭാവം വച്ചപുലർത്തുന്നവരാണ് ജോ ബൈഡനും കമലാ ഹാരിസും എന്നും ട്രംപ് കൂട്ടിച്ചേർത്തു. നിങ്ങളോടുള്ള മാന്യതയും ബഹുമാനവും അവർ എടുത്തുകളയും. ബൈഡന്റെ അമേരിക്കയിൽ ഒരാളും സുരക്ഷിതരായിരിക്കില്ല. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു, നവംബർ മൂന്നിന് നിങ്ങൾ ഇവയെല്ലാം തിരികെ നേടാൻ പോകുന്നു എന്നാണ്. ട്രംപ് കൂട്ടിച്ചേർത്തു.