വെല്ലിംഗ്ടണ്‍: സാമൂഹിക അകലം പാലിക്കാന്‍ കഫേയില്‍ നിന്നിറങ്ങി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണ്‍. കൊവിഡ് പ്രതിരോധ മാനദണ്ഡ പ്രകാരം കഫേയില്‍ പരമാവധി ആളുകള്‍ ആയതോടെയാണ് പ്രധാനമന്ത്രി പ്രത്യേക പരിഗണന ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയും ഭര്‍ത്താവ് ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡും വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും വെല്ലിംഗ്ടണിലെ കഫേയില്‍ എത്തിയത്. റസ്റ്ററന്റുകള്‍ക്കടക്കം ന്യൂസിലാന്‍ഡില്‍ പ്രവര്‍ത്തനാനുമതി നല്‍കി. എന്നാല്‍, സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശത്തിലാണ് സ്ഥാപനങ്ങള്‍ തുറന്നത്.

റസ്റ്ററന്റ് അധികൃതര്‍ ഇരുവര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും സാമൂഹിക അകലം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചു. ജസീന്ത ആന്‍ഡേണിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.  എല്ലാവരും ചെയ്യുന്നത് മാത്രമേ താനും ചെയ്തുള്ളൂവെന്ന് ജസീന്ത ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ന്യൂസിലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ന്യൂസിലാന്‍ഡ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. 1498 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.