Asianet News MalayalamAsianet News Malayalam

രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതർ രോഗം പരത്തുമോ? വിവാദപ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന

അതേസമയം, ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 73 ലക്ഷം കവിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇപ്പോള്‍ 7,316,820 പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 413,625 പേര്‍ ഇതുവരെ മരിച്ചു. 3,602,502 പേരാണ് രോഗമുക്തി നേടിയത്. 

non symptomatic covid spread the disease WHO reversed the stance
Author
Geneva, First Published Jun 10, 2020, 7:21 AM IST

ജനീവ: രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതർ രോഗം പരത്താൻ സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. നിരവധി ആരോഗ്യ വിദഗ്ധർ ചോദ്യം ചെയ്തതോടെയാണ് ഡബ്ല്യുഎച്ച്ഒ പ്രസ്താവന പിൻവലിച്ചത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടർ മരിയ കെർക്കോവ് വിവാദ പ്രസ്താവന നടത്തിയത്.

രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത തീരെ കുറവാണെന്നായിരുന്നു മരിയ കെർക്കോവ് പറഞ്ഞത്. തന്റെ വാക്കുകൾ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു ശാസ്ത്രീയ പിൻബലമില്ലെന്നും മരിയ ഇന്നലെ തിരുത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനകളിലൂടെ ലോകാരോഗ്യ സംഘടന തെറ്റിദ്ധാരണ പരത്തുകയാണെന്ന് നിരവധി ആരോഗ്യവിദഗ്ധർ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് തിരുത്ത് വന്നിരിക്കുന്നത്.

അതേസമയം, ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 73 ലക്ഷം കവിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇപ്പോള്‍ 7,316,820 പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 413,625 പേര്‍ ഇതുവരെ മരിച്ചു. 3,602,502 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം യുഎസില്‍ 19,056 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,093 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അതിവേഗം കൊവിഡ് പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ 31,197 പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. 1,185 ഇന്നലെ മാത്രം മരണപ്പെട്ടു. ഇതിനിടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരം പിന്നിട്ടു.

Follow Us:
Download App:
  • android
  • ios