ലോകയാത്ര നടത്തുന്ന എഐഡിഡിവ എന്ന ആഡംബര കപ്പലിൽ നോറോവൈറസ് പടർന്നുപിടിക്കുന്നു. നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതോടെ കപ്പൽ യുഎസ് ആരോഗ്യ ഏജൻസിയുടെ നിർദേശപ്രകാരം യാത്ര തുടരുകയാണ്.

മിയാമി: ലോകയാത്ര നടത്തുന്ന ആഡംബര ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധയേറ്റ് വൻ പ്രതിസന്ധി. നവംബർ 10 ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്ന് പുറപ്പെട്ട എഐഡിഡിവ എന്ന കപ്പലിലാണ് പകർച്ചവ്യാധി. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന കപ്പലിൽ 100-ലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 133 ദിവസത്തെ യാത്രക്കായി പുറപ്പെട്ട കപ്പലിലാണ് ഈ പ്രതിസന്ധിയെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥിരീകരിച്ചു.

എഐഡിഡിവ കപ്പലിലെ 95 യാത്രക്കാർക്കും ആറ് ജീവനക്കാർക്കുമാണ് രോഗബാധയേറ്റത്. നവംബർ 30 നാണ് ഇവിടെ ആദ്യ കേസ് സ്ഥിരീകരിച്ചത്. പിന്നാലെ കൂടുതൽ പേരിലേക്ക് രോഗം പടർന്നു. മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രാമധ്യേയാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനാൽ തന്നെ അമേരിക്കയിൽ നിന്നാവും രോഗകാരിയായ വൈറസ് കപ്പലിന് അകത്തേക്ക് കടന്നതെന്ന് കരുതുന്നു. അമേരിക്കൻ ആരോഗ്യ ഏജൻസിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എഐഡിഡിവ കപ്പൽ യാത്ര തുടരുകയാണ്. മാർച്ച് 23 ന് കപ്പൽ നിശ്ചയിച്ച പ്രകാരം ഹാംബെർഗിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതിവേഗം പടരുന്നതാണ് നോറോവൈറസ്. മലിനമായ ഭക്ഷണം, വെള്ളം, പ്രതലങ്ങൾ, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ ഇത് എളുപ്പത്തിൽ പടരുന്നു. ഛർദി, അതിസാരം, വയറുവേദന, പനി, തലവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളാണ് രോഗബാധിതർ പ്രകടിപ്പിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 12 മുതൽ 48 മണിക്കൂറിനടയിൽ രോഗലക്ഷണങ്ങൾ ആരംഭിക്കും. മൂന്ന് ദിവസം വരെ രോഗബാധയുടെ ലക്ഷണങ്ങൾ നീണ്ടുനിൽക്കും. ഇതിന് പ്രത്യേക ചികിത്സയില്ല. വിശ്രമമാണ് പ്രധാനം. ധാരാളം വെള്ളംകുടിക്കുകയും വേണം. വ്യക്തിശുചിത്വം കർശനമായി പാലിച്ചാൽ ഒരു പരിധി വരെ രോഗം വരാതെ സൂക്ഷിക്കാം.