ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ നാവിക പരിശീലനങ്ങള്‍ക്ക് മുന്നറിയിപ്പാണ് നിലവിലെ മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വീണ്ടും പ്രകോപനവുമായി ഉത്തര കൊറിയ. അടുത്തിടെ നടന്ന ആയുധ പരിശീലനങ്ങള്‍ക്ക് പിന്നാലെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വിമാനങ്ങളേയും കിഴക്കന്‍ തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകളും അയച്ച് ഉത്തര കൊറിയ. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ സംയുക്ത സേനാ അധികാരി വിശദമാക്കുന്നത്. ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയ വിവരം ജപ്പാന്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തിടെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരിശീലനങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ഇതാണെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘ ദൂര ക്രൂയിസ് മിസൈലുകള്‍ പരിശീലിക്കുന്നതിന് വ്യാഴാഴ്ച ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചതായാണ് പ്യോങ്‌യാങ് വിശദമാക്കുന്നത്. ആണവ ആക്രമണ ശേഷി വികസിപ്പിക്കലിന്‍റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങളെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജപ്പാന് കുറുകെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ തൊടുത്തത്. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയും നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ നാവിക പരിശീലനങ്ങള്‍ക്ക് മുന്നറിയിപ്പാണ് നിലവിലെ മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

തന്‍റെ രാജ്യം ആണവ സജ്ജമാണെന്നും ഉപരോധം അവസാനിപ്പിക്കാനും എതിരാളി രാഷ്ട്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉത്തര കൊറിയയുടെ നീക്കം. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിയില്‍ 7 കിലോമീറ്റര്‍ ദൂരത്തേക്ക് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍ എത്തിയെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങളെ എഫ് -35 ജെറ്റുകളും മറ്റ് യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ദക്ഷിണ കൊറിയ ചെറുത്തതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് സംയുക്ത സേനാ അധികാരി വിശദമാക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തര കൊറിയ സമാന രീതിയിലുള്ള പ്രകോപനങ്ങളില്‍ ഏര്‍പ്പെടുന്നത് തുടരുകയാണ്.