വാഷിംഗ്ടണ്‍: മാധ്യമങ്ങളെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ദിവസേന നടത്താറുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തിയതിന് ശേഷമുള്ള ട്വീറ്റിലാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. വാര്‍ത്തസമ്മേളനത്തിന വേണ്ടി ചെലവാക്കുന്ന സമയവും അധ്വാനവും പാഴാണെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യമെന്താണെന്ന് അവര്‍ക്ക്(മാധ്യമങ്ങള്‍ക്ക്)അറിയില്ല. പ്രസക്തമായ ചോദ്യങ്ങള്‍ പോലും ചോദിക്കുന്നില്ല. വസ്തുതയും സത്യവും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അവര്‍ക്ക് റെക്കോര്‍ഡ് റേറ്റിംഗ് കിട്ടുന്നു. എന്നാല്‍, അമേരിക്കന്‍ ജനതക്ക് കിട്ടുന്നത് വ്യാജ വാര്‍ത്തയും- ട്രംപ് പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡ് 19ന് അണുനാശിനി കുത്തിവെച്ചാല്‍ പോരെയെന്ന് വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ചോദിച്ചത്. പ്രസിഡന്റിന്റെ പരാമര്‍ശം വലിയരീതിയിലുള്ള വിമര്‍ശനത്തിനും പരിഹാസത്തിനും കാരണമായിരുന്നു. പിന്നീട് താന്‍ തമാശ പറഞ്ഞതാണെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തി. വിമര്‍ശനത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവെക്കാനും ട്രംപ് തീരുമാനിച്ചിരുന്നു.

കൊവിഡ് 19: സ്ഥിരം വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപ്; കാരണമിതാണ്