Asianet News MalayalamAsianet News Malayalam

പെഗാസസ്; സൈബര്‍ നീരീക്ഷണത്തിന്‍റെ ദുരുപയോഗം, വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. 

NSO hacking spyware leak uncovers global abuse of cyber surveillance weapon
Author
Delhi, First Published Jul 19, 2021, 12:07 AM IST

ദില്ലി: ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യക്കാരെ കൂടാതെ ഒരു രാജ്യങ്ങളിലെ ഭരണത്തലവന്‍റെ കുടുംബാംഗങ്ങള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍, ബിസിനസുകാര്‍, എന്‍ജിഒകളുടേയും, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവരുടെയും വിവരങ്ങള്‍ ചാര സോഫ്റ്റ് വെയർ  ചോര്‍ത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐ ഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെ​ഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ പറയുന്നു.

ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ്  ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ അടുത്ത കുടുംബാംഗങ്ങളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് ആ ഭരണാധികാരി അദ്ദേഹത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് സ്വന്തം ബന്ധുക്കളെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന സാധ്യതകളാണ്. 

കൊല്ലപ്പെട്ട ഫ്രീലാൻസ് മെക്സിക്കൻ റിപ്പോർട്ടറായ സിസിലിയോ പിനെഡ ബിർട്ടോയുടെ ഫോൺ നമ്പരും ചോര്‍ത്തല്‍ പട്ടികയിലുണ്ടായിരുന്നു. സിസിലിയോ പിനെഡ കാര്‍വാഷ് ചെയ്യാനായി പോയ സ്ഥലത്ത് വച്ചാണ്  കൊലപാതകം നടന്നത്. അക്രമികള്‍ക്ക് അദ്ദേഹത്തെ കണ്ടെത്തിയത് കാര്‍ വാഷ് ചെയ്യാനെത്തിയ സ്ഥലത്തുവച്ചാണ് എന്നാണ് അനുമാനം. മരണ ശേഷം സിസിലിയോ പിനെഡയുടെ ഫോണ്‍ കണ്ടെത്താനാകാത്തതിനാല്‍  ഫോണ്‍ ചോര്‍ത്തല്‍ ആധികാരികമായി തെളിയിക്കാനായിട്ടില്ല. 

പാരീസ് ആസ്ഥാനമായുള്ള  മാധ്യമ സംഘടനയായ ഫോർബിഡൻ സ്റ്റോറീസ്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവരാണ് പെഗാസിസിന്‍റെ ചോര്‍ത്തല്‍ റിപ്പോര്‍ട്ട് ആദ്യംപുറത്ത് വിട്ടത്. 2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ഇതിലൂടെ നിരവധിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. തുടര്‍ന്ന് തങ്ങളുടെ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ വാട്ട്സ്ആപ്പ് നി‌ർദ്ദേശം നൽകിയിട്ടുണ്ട്. 

അന്ന് തന്നെ ഈ സൈബര്‍ ആക്രമണത്തിന് പിന്നിൽ സ‌ർക്കാരുകൾക്കായി സൈബ‌‌ർ ചാരപ്പണി ചെയ്യുന്ന കമ്പനിയുടെ സാന്നിധ്യം വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചിരുന്നു.  ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഒ എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോ‌ർട്ട്. പെഗാസസ് എന്ന എൻസ്ഓയുടെ ചാര സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്ന് കണ്ടെത്തി. വൈറസ് ബാധിക്കുന്ന ഫോണിന്‍റെ ക്യാമറയുടെയും മൈക്രോഫോണിന്‍റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios