Asianet News MalayalamAsianet News Malayalam

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്, ഈ വർഷമെത്തിയത് 37,417 ഇന്ത്യക്കാർ മാത്രം

മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി

number of Indian tourists continues to decline Maldives to hold roadshows in India
Author
First Published Apr 12, 2024, 11:12 AM IST

മാലി: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു. മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.

ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ട്രാവൽ അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും മാലദ്വീപ് പ്രകടിപ്പിച്ചു. 
 
 പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. 

പാരിസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം, എല്ലാവരും സുരക്ഷിതർ, പാസ്പോർട്ടടക്കം രേഖകൾ കത്തിനശിച്ചു

മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ 10 വരെ 6,63,269 വിനോദസഞ്ചാരികള്‍ എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ. ഇന്ത്യക്കാരായ 37,417 പേർ മാത്രമാണ് ഈ വർഷം മാലദ്വീപിലെത്തിയത്. 

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ഇന്ത്യൻ സൈനികരെ രാജ്യത്തു നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇത്. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തന്‍റെ രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios